

സാമൂഹിക വിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്ന പൊലീസുകാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ നിർദേശിച്ച് സംസ്ഥാന പൊലീസ് മേധാവി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സാമൂഹിക വിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കാൻ നിർദേശിച്ച് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്. ഇത്തരക്കാരെ സര്‍വീസില്‍ നിന്നു നീക്കം ചെയ്യാന്‍ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് നടന്ന ക്രൈം റിവ്യൂ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു പൊലീസ് മേധാവി.
ജൂലൈ ഒന്നുമുതൽ നിലവില്‍ വരുന്ന പുതിയ നിയമ സംഹിതകളെക്കുറിച്ച് ജില്ലാ പൊലീസ് മേധാവിമാര്‍ ഉള്‍പ്പെടെ 38,000 ല്‍ പരം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്ക് ഉടന്‍ പരിശീലനം നല്‍കും. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്നത് തടയാനായി ജില്ലാ പൊലീസ് മേധാവിമാര്‍ വ്യാപകമായി പ്രചരണം നടത്തണം. ഇതിനായി ജനമൈത്രി പൊലീസിന്റെ സേവനം വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ശിക്ഷാനടപടികള്‍ നിശ്ചിതസമയത്തിനകം പൂര്‍ത്തിയാക്കുന്നതിന് പ്രത്യേകശ്രദ്ധ നല്‍കണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും ഇത്തരം കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനും ജില്ലാ പൊലീസ് മേധാവിമാര്‍ കര്‍ശന നടപടി സ്വീകരിക്കണം. കുട്ടികളെയും സ്ത്രീകളെയും കാണാതാകുന്ന കേസുകളില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നും ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് കൂട്ടിച്ചേർത്തു.
എഡിജിപി മാരായ മനോജ് എബ്രഹാം, എം.ആര്. അജിത് കുമാര്‍, എച്ച്. വെങ്കടേഷ് എന്നിവരും ഐജിമാര്‍, ഡിഐജിമാര്‍, എസ്പിമാര്, ജില്ലാ പൊലീസ് മേധാവിമാര്‍, എഐജിമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]