
കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോർജിന് കുവൈത്തിലേക്ക് പോകാൻ പൊളിറ്റിക്കൽ ക്ലിയറൻസ് അനുവദിക്കാതിരുന്ന കേന്ദ്ര സർക്കാർ നടപടി ദൗർഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിദേശ രാജ്യങ്ങളിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ കേന്ദ്ര–സംസ്ഥാന പ്രതിനിധികൾ ഉണ്ടാകേണ്ടത് പ്രധാനമാണ്. കേന്ദ്രത്തിന്റെ പ്രതിനിധികൾ നേരത്തെ പോയി. സംസ്ഥാനത്തിന്റെ പ്രതിനിധി കൂടെ ഉണ്ടായിരുന്നെങ്കിൽ അവിടെയുള്ള മലയാളി സംഘടനകളെ ഏകോപിപ്പിച്ച് കുറേക്കൂടി കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുമായിരുന്നുവെന്നും സതീശൻ പറഞ്ഞു.
സംസ്ഥാന ഗവൺമെന്റ് മന്ത്രിയെ അയക്കാൻ തീരുമാനിച്ചപ്പോൾ വളരെ പെട്ടെന്ന് തന്നെ ക്ലിയറൻസ് നൽകി അവരെ അവിടെ എത്തിക്കാനുള്ള സൗകര്യമായിരുന്നു കേന്ദ്രം ചെയ്യേണ്ടിയിരുന്നത്. ആരോഗ്യമന്ത്രിക്ക് പോകാൻ കഴിയാതിരുന്നത് ദൗർഭാഗ്യകരമായ സംഭവമാണെന്നും കേന്ദ്ര സർക്കാറിന്റെ ഭാഗത്തുനിന്ന് തെറ്റായ സന്ദേശമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഫോണിൽ ബന്ധപ്പെടുന്നതിനൊക്കെ പരിമിതിയുണ്ട്. ആവശ്യമില്ലാത്ത സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചതെന്നും സതീശൻ കുറ്റപ്പെടുത്തി. മൃതദേഹങ്ങൾ ഒരുമിച്ച് ഏറ്റുവാങ്ങേണ്ട ദൗർഭാഗ്യകരമായ ഒരു അവസ്ഥയിലാണ് കേരളം.
ചിന്തിക്കാൻ കഴിയാത്തത്ര വലിയ ദുരന്തമാണ് കുവൈത്തിൽ നടന്നത്. കുടുംബങ്ങളുടെ ദുഃഖം വിവരിക്കാനാവില്ല. ആവശ്യമായ സജ്ജീകരണങ്ങൾ കൊച്ചി വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്. കുടുംബങ്ങളുടെ മുന്നിൽ നിസഹായരായി നിൽക്കുകയാണെന്നും സതീശൻ പറഞ്ഞു.
Last Updated Jun 14, 2024, 6:47 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]