
ദില്ലി: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷയും തെലങ്കാന മുൻ ഗവർണറുമായ തമിഴിസൈ സൗന്ദർരാജനെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പരസ്യമായി ശാസിച്ച സംഭവത്തെ രാഷ്ട്രീയ ആയുധമാക്കി ഡിഎംകെ. അമിത്ഷായുടേത് തെറ്റായ നടപടി എന്ന് ഡിഎംകെ കുറ്റപ്പെടുത്തി. തമിഴ്നാട്ടിൽ നിന്നുള്ള പ്രമുഖ വനിത നേതാവിനെ അപമാനിച്ചത് മര്യാദയാണോ എന്നും ഡിഎംകെ ചോദിച്ചു. അമിത് ഷായുടേത് എന്ത് രാഷ്ട്രീയം എന്ന് ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരൈ വിമർശിച്ചു.
ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. തമിഴ്നാട്ടിൽ ബിജെപി കേന്ദ്രനേതൃത്വത്തിന് വിശ്വാസം ആരെയെന്ന് വ്യക്തമാക്കുന്നു ഈ ദൃശ്യങ്ങളാണിത്. അമിത് ഷായെ വണങ്ങിയ ശേഷം നടന്നുനീങ്ങിയ തമിഴിസൈ സൗന്ദർരാജനെ തിരിച്ചുവിളിച്ചായിരുന്നു ശകാരവർഷം. തമിഴിസൈ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും അമിത് ഷാ വിലക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
തമിഴ്നാട്ടിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ അവകാശപ്പെട്ട വിജയം നേടാതെ പൂജ്യത്തിലേക്ക് ഒതുങ്ങിയതിന് പിന്നാലെ കെ.അണ്ണാമലൈയെ പരസ്യമായി വിമർശിച്ച് തമിഴിസൈ രംഗത്തെത്തിയിരുന്നു. അമ്മാതിരി വർത്തമാനം വേണ്ടെന്ന് ഒരു മയവുമില്ലാതെ വ്യക്തമാക്കിയ അമിത് ഷാ, അണ്ണാമലൈയുടെ നേതൃത്വത്തിൽ തന്നെ തമിഴ്നാട്ടിൽ ബിജെപി മുന്നോട്ടുപോകുമെന്ന സന്ദേശം കൂടിയാണ് നൽകിയത്. അണ്ണാമലെയെ പിന്തുണയ്ക്കുന്ന സൈബർ ഹാൻഡിലുകൾ ദൃശ്യങ്ങൾ ഏറ്റെടുത്ത് തമിഴിസൈയെ പരിഹസിക്കാനും തുടങ്ങിയിട്ടുണ്ട്.
Last Updated Jun 12, 2024, 5:25 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]