

First Published Jun 12, 2024, 4:41 PM IST
കോഴിക്കോട്: സാഹസിക ടൂറിസം മേഖലയില്‍ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമാക്കി കേരളത്തെ മാറ്റാനുള്ള പരിശ്രമമാണ് മലബാര്‍ റിവര്‍ ഫെസ്റ്റിവലിലൂടെ നടക്കുന്നതെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പത്താം ലക്കവുമായി ബന്ധപ്പെട്ട് ഓണ്‍ലൈനായി നടന്ന സംഘാടക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കേരള ടൂറിസത്തിന്റെ ആഭിമുഖ്യത്തില്‍ സാഹസിക ടൂറിസം പ്രൊമോഷന് സൊസൈറ്റി, ഡിടിപിസി, കോഴിക്കോട് ജില്ലാപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ ഇന്ത്യന്‍ കയാക്കിംഗ് ആന്‍ഡ് കനോയിംഗ് അസോസിയേഷന്റെ സാങ്കേതിക സഹായത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സാഹസിക ടൂറിസം രംഗത്ത് വലിയ സാധ്യതയാണ് സംസ്ഥാനത്തിനുള്ളത്. മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ മികച്ച രീതിയിലാണ് നടത്തി വരുന്നത്. വൈറ്റ് വാട്ടര്‍ കയാക്കിംഗില്‍ ഉപയോഗപ്പെടുത്താന്‍ പറ്റിയ പുഴകള്‍ ഇനിയും സംസ്ഥാനത്തുണ്ട്. ഇതിലൂടെ ദക്ഷിണേന്ത്യയിലെ വൈറ്റ് വാട്ടര്‍ കയാക്കിംഗിനെ പ്രോത്സാഹിപ്പിക്കാനും ഈ രംഗത്ത് സംസ്ഥാനത്തെ അന്താരാഷ്ട്ര ശ്രദ്ധയിലേക്കെത്തിക്കാനും ലക്ഷ്യമിടുന്നുവെന്ന് മന്ത്രി പറഞ്ഞു.
ജൂലായ് 25 മുതല്‍ 28 വരെ നാല് ദിവസമാണ് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ നടത്തുന്നത്. കോഴിക്കോട് ജില്ലയിലെ തുഷാരഗിരി, ചാലിപ്പുഴ, ഇരുവരിഞ്ഞിപ്പുഴ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. പ്രൊഫഷണലുകളെ കൂടാതെ പ്രദേശവാസികളെ കയാക്കിംഗിന് പ്രോത്സാഹിപ്പിക്കുന്നതിനുള്ള മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. അന്താരാഷ്ട്രതലത്തില്‍ പുതിയ കയാക്കിംഗ് സാധ്യതകള്‍ സംസ്ഥാനത്തെ നദികളൂടെ പ്രദര്‍ശിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
20 ലധികം രാജ്യങ്ങളില്‍ നിന്നും രാജ്യത്തിനകത്തു നിന്നുമായി 100 ലധികം പ്രൊഫഷണല്‍ കയാക്കര്‍മാരെ മത്സരത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്. എട്ട് ഗ്രാമപഞ്ചായത്തുകള്‍, ഒരു മുന്‍സിപ്പാലിറ്റി എന്നിവ ചേര്‍ന്ന് എംടിബി സൈക്കിള്‍റാലി, വാട്ടര്‍ പോളോ, നീന്തല്‍ ഓഫ്റോഡ് സംസ്ഥാന-ദേശീയ ചാമ്പ്യന്‍ഷിപ്പുകള്‍, ചൂണ്ടയിടല്‍, റഗ്ബി, ഓഫ് റോഡ് റാലി തുടങ്ങിയ പ്രി ഇവന്റുകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവമ്പാടി എം എല്‍ എ ലിന്റോ ജോസഫ്, ടൂറിസം സെക്രട്ടറി കെ ബിജു, കേരള ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്, കോഴിക്കോട് ജില്ലാകളക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗ്, സാഹസിക ടൂറിസം പ്രൊമോഷന് സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ്, എട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത്- മുന്‍സിപ്പാലിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Last Updated Jun 12, 2024, 4:41 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]