
ന്യൂയോര്‍ക്ക്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിലും ബംഗ്ലാദേശിനെ പിടികൂടി നിര്‍ഭാഗ്യം. അമ്പയറുടെ തെറ്റായ തീരുമാനം റിവ്യൂവിലൂടെ തിരുത്തപ്പെട്ടെങ്കിലും നഷ്ടമായത് നിര്‍ണായകമായ നാല് റണ്‍സാണ്. 17ാം ഓവറിലെ രണ്ടാമത്തെ പന്തിലാണ് നിര്‍ഭാഗ്യം എല്ബിഡബ്ലൂവിന്റെ രൂപത്തിലെത്തിയത്. 20 റണ്‍സുമായി ക്രീസിലുള്ള മഹ്മമദുള്ളയുടെ പാഡില്‍ ബാര്ട്ട്മാന് എറിഞ്ഞ പന്ത് തട്ടി. അപ്പീല്‍ ചെയ്ത ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്കനുകൂലമായി അമ്പയറുടെ വിധി.
എന്നാല്‍ ഈ സമയം പന്ത് ഉരുണ്ട് ബൗണ്ടറി ലൈന്‍ കടന്നിരുന്നു. ഔട്ട് ചോദ്യം ചെയ്ത് മഹ്മമദുള്ളയുടെ റിവ്യൂ. വിശദപരിശോധനയില്‍ അമ്പയറുടെ തീരുമാനം തെറ്റെന്ന് വ്യക്തമായി. മഹ്മുദുള്ളയ്ക്ക് വീണ്ടും ജീവന് കിട്ടിയെങ്കിലും ബൗണ്ടറി കടന്ന പന്ത് ഡെഡ് ബോളായി. ഐസിസി ചട്ടം അനുസരിച്ച് അമ്പയര്‍ ഔട്ട് വിളിച്ചത് റിവ്യൂവില്‍ തിരുത്തപ്പെട്ടാലും ആ ബോള്‍ ഡെഡ് ബോളായി കണക്കാക്കും. ഇതോടെ ബംഗ്ലാദേശിന് നഷ്ടമായത് നിര്‍ണായകമായ റണ്‍സ്.
ഐസിസി നിയമത്തിനെതിരെ രംഗത്തെത്തുകയാണ് ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും. ഇത്തരം ഘട്ടങ്ങളില്‍ ഘആണ അനുവദിക്കുന്നതിന് മുന്‍പ് അന്പയര്‍ വിശദമായ പരിശോധന നടത്തണമെന്നാണ് ആവശ്യം. ബംഗ്ലാദേശിന്റെ ടോപ് സ്കോററായ തൗഹിദ് ഹൃദോയ് അമ്പയറുടെ പിഴവുകൊണ്ടാണ് ടീം തോറ്റതെന്ന് കുറ്റപ്പെടുത്തിയിരുന്നു. സത്യസന്ധമായി പറഞ്ഞാല്‍ അമ്പയറുടെ ആ തീരുമാനം അന്തിമ മത്സരഫലത്തെ സ്വാധീനിച്ചുവെന്ന് തൗഹിദ് ഹൃദോയ് പറഞ്ഞു. അമ്പയറുടെ തീരുമാനം കുറച്ച് കടുപ്പമായിപ്പോയി. ആ നാല് റണ്‍സ് കളിയുടെ ഗതി തന്നെ മാറ്റിയേനെയെന്നും ഹൃദോയ് മത്സരശേഷം പറഞ്ഞു. മത്സരത്തില്‍ 34 പന്തില്‍ 37 റണ്‍സെടുത്ത ഹൃദോയ് ആണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍.
ഡെഡ് ബോള്‍ നിയമത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ നിയമം തന്റെ കൈയിലല്ലെന്നും ആ സമയം ആ നാലു റണ്‍സ് ടീമിനെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതായിരുന്നുവെന്നും ഹൃദോയ് പറഞ്ഞു. ചെറിയ സ്കോറുകള്‍ പിറക്കുന്ന മത്സരങ്ങളില്‍ ഒന്നോ രണ്ടോ റണ്‍സ് പോലും പ്രധാനമാണ്. അതുപോലെ ഒന്നോ രണ്ടോ വൈഡുകളും റബാഡയുടെ പന്തില്‍ എന്നെ എല്‍ബിഡബ്ല്യു വിധിക്കാന്‍ കാരണമായ അമ്പയേഴ്സ് കോളുമെല്ലാം മത്സരത്തില്‍ ബംഗ്ലാദേശിന് തിരിച്ചടിയായെന്നും ഹൃദോയ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]