
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടം. ആറോവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെടുത്തിട്ടുണ്ട്. 9 പന്തില്‍ റണ്‍സുമായി 15 രണ്‍സുമായി റിഷഭ് പന്തും 12 പന്തില്‍ 15 റണ്‍സുമായി അക്സര്‍ പട്ടേലും ക്രീസില്‍. വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് പവര്‍ പ്ലേയില്‍ നഷ്ടമായത്. കോലി നാലും രോഹിത് 13ഉം റണ്‍സുമെടുത്ത് പുറത്തായി. പാകിസ്ഥാന് വേണ്ടി നസീം ഷായും ഷഹീന് അഫ്രീദിയും ഓരോ വിക്കറ്റെടുത്തു.
സിക്സ് അടിച്ച് തുടക്കം, പിന്നാലെ ഇരട്ടപ്രഹരം
ടോസ് നഷ്ടമാതിന് പിന്നാലെ ആശങ്കയോടെയാണ് ഇന്ത്യ ക്രീസിലിറങ്ങിയത്. അപ്രതീക്ഷിത ബൗണ്‍സുള്ള പിച്ചിന് പുറമെ മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും ബാറ്റിംഗ് ദുഷ്കരമാക്കുമെന്ന ആശങ്ക ഇന്ത്യക്കുണ്ടായിരുന്നു. എന്നാല്‍ ഷഹീന് അഫ്രീദിയുടെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ രണ്ട് റണ്‍സെടുത്ത രോഹിത് ശര്‍മ മൂന്നാം പന്തില്‍ ഷഹീന് അഫ്രീദിയെ സിക്സിന് പറത്തി ആത്മവിശ്വാസത്തോടെ തുടങ്ങി. ഓവറിലെ അവസാന പന്തില്‍ രോഹിത് ശക്തമായ എല്‍ബഡബ്ല്യു അപ്പീല്‍ നിന്ന് രക്ഷപ്പെട്ടു. പിന്നാലെ മഴമൂലം മത്സരം കുറച്ചുനേരം നിര്‍ത്തിവെച്ചു.
മഴയുടെ ഇടവേളക്ക് ശേഷം മത്സരം ആരംഭിച്ചപ്പോള്‍ നസീം ഷാ എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ തന്റെ ട്രേഡ് മാര്‍ക്ക് കവര്‍ ഡ്രൈവിലൂടെ ബൗണ്ടറി നേടിയ കോലി ആത്മവിശ്വാസത്തോടെ തുടങ്ങി. എന്നാല്‍ അമിതാവേശം കോലിക്ക് വിനയായി. നേരിട്ട മൂന്നാം പന്തില്‍ നസീം ഷായെ വീണ്ടും ബൗണ്ടറി കടത്താനുള്ള ശ്രമം ഷോര്‍ട്ട് പോയന്റില്‍ ഉസ്മാന് ഖാന്റെ കൈകളില്‍ അവസാനിച്ചതോടെ ഇന്ത്യ ഞെട്ടി. പിച്ചായിരുന്നില്ല കോലിയെ ചതിച്ചത്, ഓഫ് സ്റ്റംപിന് പുറത്തുപോയ നിരുപദ്രവകരമായ പന്തിലായിരുന്നു കോലി വീണത്. ഓവറിലെ അവസാന പന്ത് ബൗണ്ടറി നേടിയ രോഹിത് ഇന്ത്യക്ക് വീണ്ടും പ്രതീക്ഷ നല്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എന്നാല്‍ ഷഹീന് അഫ്രീദി എറിഞ്ഞ മൂന്നാം ഓവറിലെ നാലാം പന്തില്‍ വീണ്ടും സ്ക്വയര്‍ ലെഗ്ഗിന് മുകളിലൂടെ സിക്സിന് ശ്രമിച്ച രോഹിത്തിനെ ബൗണ്ടറിയില്‍ ഹാരിസ് റൗഫ് കൈയിലൊതുക്കിയതോടെ ഇന്ത്യ ബാക്ക് ഫൂട്ടിലായി. രോഹിത് മടങ്ങിയതോടെ സൂര്യകുമാറിന് പകരം അക്സര്‍ പട്ടേലാണ് നാലാം നമ്പറിലിറങ്ങിയത്. നാലാം ഓവര്‍ എറിഞ്ഞ മുഹമ്മദ് ആമിര്‍ സ്വിംഗ് കൊണ്ട് അക്സറിനെ വട്ടം കറക്കി.
എന്നാല്‍ ഷഹീന് അഫ്രീദിയെറിഞ്ഞ അഞ്ചാം ഓവറിലെ ആദ്യ രണ്ട് പന്തില്‍ ഫോറും സിക്സും നേടി അക്സര്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. അഞ്ചാം ഓവറില്‍ 14 റണ്‍സ് അടിച്ചെടുത്ത ഇന്ത്യക്ക് നസീം ഷാ എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ റിഷഭ് പന്തിനെ കൂടി നഷ്ടമാകേണ്ടതായിരുന്നു. റിഷഭ് പന്ത് ഉയര്‍ത്തിയടിച്ച പന്ത് കൈയിലൊതുക്കാന്‍ ഉസ്മാന് ഖാന് കഴിയാതുന്നത് ഇന്ത്യക്ക് ആശ്വാസമായി. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ 12 റണ്‍സ് കൂടി നേടിയാണ് ഇന്ത്യ 50 റണ്‍സിലെത്തിയത്. നേരത്തെ ടോസ് നേടിയ പാകിസ്ഥാന് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മുന്‍ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി പിച്ചിലെ അപ്രതീക്ഷിത ബൗണ്‍സ് ഇന്ന് ബാറ്റര്‍മാരെ ബുദ്ധിമുട്ടിച്ചില്ലെന്നത് ശ്രദ്ധേയമാണ്.