
കുഞ്ചാക്കോ ബോബനും അമൽ നീരദും ഒന്നിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയ നിറയെ. രാവിലെ കുഞ്ചാക്കോ ബോബന്റെ ക്യാരക്റ്റർ പോസ്റ്റർ പുറത്തുവന്നതിനുപിന്നാലെ ഏറ്റവും പുതിയ മറ്റൊരു വിവരംകൂടി ചിത്രവുമായി ബന്ധപ്പെട്ട് വന്നിരിക്കുകയാണ്.
കുഞ്ചാക്കോ ബോബനൊപ്പം ഫഹദ് ഫാസിലും ചിത്രത്തിന്റെ ഭാഗമാവുന്നു എന്നതാണ് ഈ അമൽ നീരദ് ചിത്രത്തേക്കുറിച്ചുള്ള പുത്തൻ വിവരം. തോക്കുമായി രൂക്ഷഭാവത്തിൽ നിൽക്കുന്ന ഫഹദിന്റെ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. തികഞ്ഞ സ്റ്റൈലിഷ് ആക്ഷൻചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നതെന്നാണ് ശനിയാഴ്ച രാവിലെ പുറത്തുവന്ന രണ്ട് പോസ്റ്ററുകളും നൽകുന്ന സൂചന.
വരത്തൻ എന്ന ചിത്രത്തിനുശേഷം ഫഹദും അമൽ നീരദും ഒന്നിക്കുന്ന ചിത്രമാണിത്. ഇതാദ്യമായാണ് കുഞ്ചാക്കോ ബോബനും അമൽ നീരദും ഒന്നിക്കുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസും ഉദയാ പിക്ചേഴ്സും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ പേരോ മറ്റുതാരങ്ങളാരെന്നോ അണിയറപ്രവർത്തകർ ആരെല്ലാമാണെന്നോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഞായറാഴ്ച തന്റെ പുതിയ ചിത്രത്തേക്കുറിച്ച് ഒരു അപ്ഡേറ്റ് ഉണ്ടാവുമെന്ന് ഒരു മിനിമൽ പോസ്റ്ററിലൂടെ അമൽ നീരദ് അറിയിച്ചിരുന്നു. ഈ പോസ്റ്റർ കുഞ്ചാക്കോ ബോബനും പങ്കുവെച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണിപ്പോൾ കുഞ്ചാക്കോ ബോബന്റെയും ഫഹദിന്റെയും വ്യത്യസ്തമായ ഗെറ്റപ്പിലുള്ള കാരക്റ്റർ പോസ്റ്ററുകൾ പുറത്തുവന്നിരിക്കുന്നത്.
‘ടേക്ക് ഓഫി’നുശേഷം ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണിത്. ഫഹദിന്റെ പിതാവ് ഫാസിൽ സംവിധാനം ചെയ്ത ചിത്രങ്ങളിലൂടെയാണ് ഇരുതാരങ്ങളും സിനിമയിൽ അരങ്ങേറിയതെന്ന കൗതുകവും ഈ താരജോഡിക്കുണ്ട്.
മമ്മൂട്ടി നായകനായി 2022-ൽ പുറത്തിറങ്ങിയ ഭീഷ്മ പർവമാണ് അമൽ നീരദിന്റെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ജെയ് കെ സംവിധാനം ചെയ്യുന്ന ഗർർർ ആണ് കുഞ്ചാക്കോ ബോബൻ നായകനായി റിലീസിന് തയ്യാറെടുത്തിരിക്കുന്ന ചിത്രം. പുഷ്പ 2 ആണ് ഫഹദിന്റേതായി വരുന്ന വലിയ പ്രോജക്റ്റുകളിലൊന്ന്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]