
തിരുവനന്തപുരം: സർക്കാർ സർവീസിലൂടെ നിരവധിപേർക്ക് തണലേകിയ തിരുവനന്തപുരം ഗവ. സെക്രട്ടറിയേറ്റ് ജീവനക്കാരാനായ എസ്. പാർത്ഥസാരഥി (55) ഇനി ആറ് പേർക്ക് പുതുജീവനേകും. കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ സജീവാംഗവും ഭക്ഷ്യ-പൊതു വിതരണ (ബി)വകുപ്പിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറുമായ തിരുവനന്തപുരം പേട്ട സ്വദേശിയായ എസ്. പാർത്ഥസാരഥിക്ക് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നാണ് മസ്തിഷ്ക മരണം സംഭവിച്ചത്.
തുടർന്ന് പാർത്ഥസാരഥിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ തയ്യാറാകുകയായിരുന്നു. തീവ്രദു:ഖത്തിലും അവയവങ്ങൾ ദാനം നൽകാൻ സമ്മതമേകിയ പാർത്ഥസാരഥിയുടെ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആദരാഞ്ജലികൾ അറിയിച്ചു. ജീവിതത്തിലൂടെ അനേകം പേർക്ക് തണലേകിയ പാർത്ഥസാരഥി ഇനി ആറ് പേർക്കാണ് വെളിച്ചമാകുന്നതെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.
പാർത്ഥസാരഥിയുടെ അവയവങ്ങൾ കേരളത്തിലെ വിവിധ ആശുപത്രികളിൽ കഴിയുന്ന ആറ് പേർക്കാണ് ദാനം ചെയ്തത്. കരൾ, രണ്ട് വൃക്ക, നേത്രപടലം, ഹൃദയ വാൽവ് എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിക്കും മറ്റൊരു വൃക്ക തിരുവനന്തപുരം ഗവ മെഡിക്കൽ കോളജിനും നൽകി. നേത്രപടലം തിരുവനന്തപുരം റീജിയനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്തോൽമോളജിയ്ക്കും ഹൃദയവാൽവ് തിരുവനന്തപുരം ശ്രീ ചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിക്ക് കൈമാറി.
ജൂൺ രണ്ടിനാണ് തലച്ചോറിനുള്ളിലെ രക്തസ്രാവത്തെ തുടർന്ന് ഇദ്ദേഹത്തെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജൂൺ ഏഴ് രാവിലെ ഒൻപതിന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. മരണാനന്തര അവയവദാനത്തിന് നേതൃത്വം നൽകുന്ന കേരള സ്റ്റേറ്റ് ഒ്രാർഗൺ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ നേതൃത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങളും സ്വീകർത്താക്കളെ കണ്ടെത്താനുള്ള നടപടിയും കാര്യക്ഷമമായി നടന്നത്.
Last Updated Jun 7, 2024, 10:52 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]