
ഡാളസ്: ടി20 ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റുവും വലിയ അട്ടിമറികളിലൊന്നില്‍ അമേരിക്ക, പാകിസ്ഥാനെ വീഴത്തി ചരിത്രം തിരുത്തിയപ്പോള്‍ താരമായത് ഇന്ത്യന്‍ വംശജനായ പേസര്‍ സൗരഭ് നേത്രാവല്‍ക്കറായിരുന്നു. അണ്ടര്‍ 19 ക്രിക്കറ്റില്‍ ഇന്ത്യക്കായി കളിച്ചിട്ടുള്ള നേത്രാവല്‍ക്കര്‍ 2010ലെ അണ്ടര്‍ 19 ലോകകപ്പിലും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്.
2010ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയപ്പോള്‍ ബാബര്‍ അസം ഉള്‍പ്പെട്ട പാക് ടീം ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. മത്സരത്തില്‍ ഒമ്പതാമനായി ബാറ്റിംഗിനിറങ്ങിയ നേത്രാവല്‍ക്കര്‍ മൂന്ന് പന്തില്‍ രണ്ട് റണ്‍സെടുത്ത് പുറത്തായി. പിന്നീട് ബൗളിംഗില്‍ അഞ്ചോവറില്‍ 16 റണ്‍സ് വഴങ്ങി നേത്രാവല്‍ക്കര്‍ ഒരു വിക്കറ്റ് വീഴ്ത്തി. മഴമൂലം 23 ഓവറാക്കി കുറച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 23 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സടിച്ചപ്പോള്‍ പാകിസ്ഥാന് 22.3 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്തത്തിലാണ് ലക്ഷ്യത്തിലെത്തിയത്.
ഓപ്പണറായി ഇറങ്ങിയ ബാബര്‍ അസം ആറ് റണ്‍സിന് പുറത്തായി. ഇപ്പോഴത്തെ പാക് നായകനായ ബാബര്‍ അസം മാത്രമാണ് അന്ന് ഇന്ത്യക്കെതിരെ കളിച്ച പാക് ടീമിലുണ്ടായിരുന്നത്. എന്നാല്‍ ഇന്ത്യന്‍ താരങ്ങളായ കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, മന്ദീപ് സിംഗ്, സന്ദീപ് ശര്‍മ, ജയദേവ് ഉനദ്ഘട്ട് എന്നിവരൊക്കെ അന്നത്തെ ഇന്ത്യന്‍ ടീമില്‍ നേത്രാവല്‍ക്കറുടെ സഹതാരങ്ങളായിരുന്നു. അണ്ടര്‍ 19 തലത്തില്‍ മുംബൈക്കായി കളിച്ചിട്ടുള്ള നേത്രാവല്‍ക്കറുടെ സഹതാരമായിരുന്നു ഇപ്പോഴത്തെ ഇന്ത്യൻ ടീമിലുള്ള സൂര്യകുമാര്‍ യാദവ്. പാകിസ്ഥാനെതിരായ മികച്ച പ്രകടനത്തില്‍ സൂര്യകുമാര്‍ നേത്രാവല്‍ക്കറെ അഭിനന്ദിച്ചിരുന്നു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സടിച്ചപ്പോള്‍ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന അമേരിക്കക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുക്കാനെ കഴിഞ്ഞിരുന്നുള്ളു.മത്സരം ടൈ ആയതോടെ സൂപ്പര്‍ ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത അമേകിക്ക 18 റണ്‍സടിച്ചു. മുഹമ്മദ് ആമിര്‍ എറിഞ്ഞ ഓവറില്‍ വൈഡുകളും ലെഗ് ബൈയുമായി ഏഴ് റണ്‍സാണ് പാകിസ്ഥാന് വഴങ്ങിയത്. 19 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാന് ആദ്യ പന്തില്‍ തന്നെ ഇഫ്തീഖര്‍ അഹമ്മദ് ബൗണ്ടറി നേടി പ്രതീക്ഷ നല്‍കിയെങ്കിലും ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സ് മാത്രമെ നേടാനായുള്ളു. ഇതോടെ അഞ്ച് റണ്‍സിന്റെ ചരിത്രവിജയം അമേരിക്ക സ്വന്തമാക്കി.
Last Updated Jun 7, 2024, 3:48 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]