

സംസ്ഥാനത്ത് ഡയാലിസിസ് സംവിധാനം ശക്തിപ്പെടുത്തും, രോഗികളോട് ആർദ്രതയോടെ പെരുമാറുന്നത് ചികിത്സയിൽ പ്രധാനം, 2000ത്തോളം ജീവനക്കാരാണ് സർവീസിൽ നിന്നും വിട്ട് നിൽക്കുന്നത്, ഇവർക്കെതിരെ കർശന നടപടി, പുതിയ നിർദേശങ്ങളുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കണമെന്നും അനാവശ്യമായി രോഗികളെ റഫർ ചെയ്യരുതെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗികളോട് ആർദ്രതയോടെ പെരുമാറുന്നത് ചികിത്സയിൽ അത്യാവശ്യമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ആശുപത്രികളുടെ പ്രവർത്തന സമയം ഉറപ്പാക്കണമെന്നും ആശുപത്രികൾ പൂട്ടിയിടുന്ന സാഹചര്യം ഒഴിവാക്കണമെന്നും മന്ത്രി വ്യക്തമാക്കി. വിവിധ ആശുപത്രികളിലെ ഡോക്ടർമാരുമായി ഓൺലൈനായി സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഡോക്ടർമാർ ഉൾപ്പെടെ 2000ത്തോളം ജീവനക്കാരാണ് സർവീസിൽ നിന്നും വിട്ട് നിൽക്കുന്നത്. ഇത് പൊതുജനാരോഗ്യ പ്രവർത്തനങ്ങളേയും ചികിത്സയേയും ബാധിക്കുന്ന വിഷയമാണ്. അതിനാൽ തന്നെ അനധികൃതമായി വിട്ടുനിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രികളുടെ ഗുണനിലവാരം ഉയർത്തി രോഗികൾക്ക് മികച്ച സൗകര്യങ്ങളൊരുക്കുകയാണ് സർക്കാർ നയം. ആർദ്രം മിഷനിലൂടെ ചികിത്സാ സൗകര്യങ്ങൾ വലിയ തോതിൽ വർധിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പൊതുജനാരോഗ്യ നിയമം കൃത്യമായി നടപ്പിലാക്കണം. മെഡിക്കൽ ഓഫീസർമാർക്ക് പൊതുജനാരോഗ്യ നിയമത്തിൽ പ്രധാന പങ്കുണ്ട്. പൊതുജനാരോഗ്യ നിയമ പ്രകാരം സമിതികൾ യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിക്കണം. എല്ലാ ആശുപത്രികളിലും സേഫ്റ്റി ഓഡിറ്റ് നടത്തിയിരുന്നു. അതനുസരിച്ച് സുരക്ഷാ ക്രമീകരണം ഉറപ്പാക്കണം.
സ്റ്റേറ്റ് മെഡിക്കൽ ഓഫീസർമാരുടെ കോൺഫറൻസ് പ്രകാരം ജില്ലാതലത്തിലും പ്രാദേശിക തലത്തിലും ഇത്തരം യോഗങ്ങൾ ചേരണം. ആശുപത്രികളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ തടസപ്പെടരുത്. കൂട്ടായ പ്രവർത്തനങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാകും. സംസ്ഥാനത്ത് ഡയാലിസിസ് സംവിധാനം ശക്തിപ്പെടുത്തും. സ്ഥലമില്ലാത്ത ആശുപത്രികളിൽ മൊബൈൽ യൂണിറ്റുകൾ സജ്ജമാക്കും.
ലക്ഷ്യ സ്റ്റാൻഡേർഡ്സ് പ്രകാരം ലേബർ റൂമുകൾ സജ്ജമാക്കി വരുന്നു. ഇൻഫെക്ഷൻ കൺട്രോൾ പ്രോട്ടോകോൾ പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ഡോക്ടർമാർ ചെയ്യുന്ന സേവനങ്ങൾ വളരെ വിലപ്പെട്ടതാണ്. ഈ കാലയളവിൽ ആരോഗ്യ മേഖല ഒട്ടേറെ വെല്ലുവിളികൾ നേരിട്ടു.
കൊവിഡ്, സിക, മങ്കിപോക്സ്, നിപ്പ തുടങ്ങിയ പകർച്ചവ്യാധികളെ പ്രതിരോധിക്കാനായി. പകർച്ചവ്യാധി പ്രതിരോധത്തിന് വലിയ പ്രാധാന്യമാണ് നൽകി വരുന്നത്. ആരോഗ്യ വകുപ്പ് എന്നത് വ്യക്തിയല്ല. അത് ഒരു ചങ്ങല പോലെയാണ്. അതിനാൽ തന്നെ ഒരുമിച്ച് പ്രവർത്തിക്കാമെന്നും മന്ത്രി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]