

First Published Jun 7, 2024, 3:02 PM IST
ഒരു പൊലീസ് ഇൻവസ്റ്റിഗേഷൻ ത്രില്ലര്‍ ചിത്രത്തിന്റെ നിഗൂഢതയും ആകാംക്ഷയും അനുഭവിപ്പിക്കുന്നതാണ് ഗോളം. സിനിമയുടെ ഴോണറിനോട് നീതിപുലര്‍ത്തുന്ന ഒരു ചിത്രമായി മാറിയിരിക്കുന്നു ഗോളം. ആക്ഷനോ മറ്റ് മാസ് രംഗങ്ങള്‍ക്കോ ചിത്രത്തില്‍ അമിതപ്രാധാന്യം നല്‍കാതെ പ്രമേയത്തിന്റെ കഥാ ഗതിയില്‍ വിശ്വാസമര്‍പ്പിക്കുന്നതാണ് ഗോളം. തിയറ്ററില്‍ കണ്ടനുഭവിക്കേണ്ട ഒരു ചിത്രം തന്നെയാകുന്നു ഗോളം.
ഇന്റര്‍നാഷണല്‍ കമ്പനിയുടെ എംഡിയെ ഓഫീസിന്റെ വാഷ്റൂമില്‍ മരിച്ചനിലയില്‍ കണ്ടെത്തുന്നു. മന്ത്രിയടക്കമുള്ള പ്രമുഖരുമായി എംഡിക്ക് അടുപ്പമുണ്ട്. അതിനാല്‍ അന്വേഷണത്തിനായി എഎസ്പ് സന്ദീപിനെ നിയോഗിക്കുന്നു. ഐസക് ജോണ്‍ എന്ന എംഡിയുടെ മരണത്തിന്റെ ദുരൂഹതകളഴിക്കുന്ന എസ്പിയുടെ നടപടികളാണ് ഗോളം സിനിമയെ ഉദ്വേഗനകമാക്കുന്നത്.
കമ്പനിയെ സ്റ്റാഫിനെ ഓരോരുത്തരെയായി തന്നെ ചോദ്യം ചെയ്യുന്നുണ്ട് എംഡി. എന്നാല്‍ എംഡി ഐസക്കിനറേത് സാധാരണ മരണമാണ് എന്ന് സന്ദീപിനൊപ്പമുള്ള സിഐ റഹീമടക്കം പറയുകയും ചെയ്യുന്നു. പക്ഷേ നിരവധി ദുരൂഹമായ കൊലപാതക കേസുകള്‍ തെളിയിച്ച സന്ദീപ് അത് ചെവിക്കൊള്ളുന്നില്ല. എങ്ങനെയാണ് എംഡി ഐസക്കിന്റെ മരണം കൊലപാതകമാണ് എന്ന് എസ്പി തെളിയിക്കുന്നതെന്നത് സസ്പെൻസ്.
സംഭാഷണങ്ങളിലടക്കം മാസ് കാണിക്കുകയോ ആക്ഷൻ രംഗങ്ങളില്‍ ത്രസിപ്പിക്കുകയോ ചെയ്യുന്ന ഉദ്യോഗസ്ഥനല്ല സന്ദീപ്. മറിച്ച് ബുദ്ധിപരമായി കുറിക്ക് കൊള്ളുന്ന ചോദ്യങ്ങളുമായി അന്വേഷണം നടത്തി തെളിവുകള്‍ കണ്ടെത്തി കേസിന്റെ മറുപുറങ്ങളിലേക്ക് സഞ്ചരിക്കുകയാണ് എസ്പി സന്ദീപ്. അതാണ് ഗോളത്തിന്റെ ത്രില്ലിംഗായ കാഴ്ചാനുഭവവും. കറങ്ങിത്തിരിയുന്ന അന്വേഷണങ്ങളില്‍ ഉദ്വേഗജകനകമായി വഴിത്തിരിവുകളിലൂടെ ചിത്രം നീങ്ങുന്നു.
സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ സംജാദാണ്. മുറുക്കമുള്ള ആഖ്യാനത്താലാണ് സജാദ് ഗോളത്തെ ആകാംക്ഷയുണര്‍ത്തുന്ന ചിത്രമാക്കി മാറ്റുന്നത്. വരവറിയിക്കാൻ അരങ്ങേറ്റത്തിലേ സജാദിനെ സാധിച്ചിരിക്കുന്നു. സംവിധായകൻ സംജാദിനൊപ്പം പ്രവീണ്‍ വിശ്വനാഥും തിരക്കഥയില്‍ പങ്കുചേര്‍ന്നപ്പോള്‍ ഒന്നിനൊന്ന് ചരടായി കോര്‍ത്ത രംഗങ്ങളിലൂടെ ആകാംക്ഷ നിലനിര്‍ത്താൻ സാധിച്ചിട്ടുണ്ട്.
യുവ നടൻ രഞ്ജിത്ത് സജീവാണ് ചിത്രത്തില്‍ നായകനായ എസ്പി സന്ദീപായി എത്തിയിരിക്കുന്നത്. പക്വതയോടെയാണ് സന്ദീപായി രഞ്ജിത്ത് പകര്‍ന്നാടിയിരിക്കുന്നത്. ഐപിഎസുകാരന്റെ ഭാവം രഞ്ജിത്തില്‍ കൃത്യമായി ചിത്രത്തില്‍ പ്രകടമാകുന്നുണ്ട്. ദിലീഷ് പോത്തൻ, സിദ്ധിഖ് എന്നിവര്‍ക്കൊപ്പം ചിത്രത്തില്‍ സണ്ണി വെയ്ൻ, നിനാൻ കെ അലക്സ്, ആശാ മഠത്തില്‍, ശ്രീകാന്ത്, കാര്‍ത്തിക് ശങ്കര്‍, അലൻസിയര്‍, അൻസല്‍ പള്ളുരുത്തി, സുധി കോഴിക്കോട്, പ്രവീണ്‍ വിശ്വനാഥ്, പ്രിയ ശ്രീജിത്ത, ആരിഫ ഹിന്ദ് തുടങ്ങിയവര്‍ ചെറുതും വലുതുമായ മറ്റ് കഥാപാത്രങ്ങളായി ഉണ്ട്.
കേവലം ഒരു മുറിയിലാണ് ഏറിയ ഭാഗവും ചിത്രീകരിക്കുന്നതെങ്കിലും വിരസതയുണ്ടാക്കാത്ത ഒന്നാണ് ഛായാഗ്രാഹണം. വിജയ് ആണ് ഛായാഗ്രഹകൻ. സംഗീതവും പ്രമേയത്തെ പ്രേക്ഷനില്‍ അനുഭവിപ്പിക്കുന്നതാണ്. എബി സാല്‍വിൻ തോമസാണ് സംഗീതം.
മര്‍ഡര്‍ ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് ത്രില്ലര്‍ ചിത്രം ഇഷ്ടപ്പെടുന്നവര്‍ക്ക് ഗോളവും മികച്ച ഒരു തിയറ്റര്‍ കാഴ്ചയാകും. ഗിമ്മിക്കുകളില്ലാതെ അത്തരം ചേരുവകള്‍ ഗോളത്തിലുണ്ട്. സിനിമ കഴിഞ്ഞും ചിന്തിക്കാൻ പ്രേക്ഷകര്‍ക്ക് തുടര്‍ സാധ്യതയും ഗോളം ബാക്കിവയ്‍ക്കുന്നുണ്ടെന്നതും പ്രത്യേകതയാണ്. കബളിപ്പിക്കാതെയുള്ള മഹേഷ് ഭുവനേന്ദനറെ കട്ടുകളും ചിത്രത്തിന്റെ കാഴ്ചയ്ക്ക് അനുകൂലമാകുന്നു.
Last Updated Jun 7, 2024, 3:02 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]