
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിന് വേദിയാവുന്ന അമേരിക്കയിലെ ന്യൂയോര്‍ക്കിലുള്ള നാസൗ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ചിനെച്ചൊല്ലി ഉയരുന്ന വിവാദങ്ങളില്‍ വിശദീതകരണവുമായി ഐസിസി. നാസൗ സ്റ്റേഡിയത്തിലെ പിച്ച് സ്ഥിരത പുലര്‍ത്തുന്നില്ലെന്നും എന്നാല്‍ വരും മത്സരങ്ങളില്‍ പിച്ച് മെച്ചപ്പെടുത്തുന്നതിന് ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും ഐസിസി പ്രസ്താവനയില്‍ പറഞ്ഞു. നാസൗവിലെ പിച്ച് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടില്ല. അതിനാല്‍ വരും മത്സരങ്ങള്‍ക്ക് മുമ്പായി പിച്ച് മെച്ചപ്പെടുത്തുന്നതിന് ലോകോത്തര നിലവാരമുള്ള ഗ്രൗണ്ട്സ്മാന്മാരുടെ സേവനം തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ മത്സരത്തിനുശേഷം ഇവര്‍ പിച്ച് മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളിലാണെന്നും ഐസിസി പ്രസ്താവനയില്‍ വ്യക്തമാക്കി. ഇനിയുള്ള മത്സരങ്ങള്‍ക്ക് സാധ്യമായ ഏറ്റവും മികച്ച പിച്ച് തന്നെ തയാറാക്കാന്‍ ശ്രമിക്കുമെന്നും ഐസിസി പറഞ്ഞു.
ക്രിക്കറ്റിന് അധികം ആരാധകരില്ലാത്ത യുഎസിലേക്ക് ക്രിക്കറ്റ് ലോകകപ്പെത്തിയപ്പോള്‍ എല്ലാവരും ഒരുപോലെ സംശയം പ്രകടപ്പിച്ചതായിരുന്നു എന്താകും യുഎസിലെ പിച്ചുകളുടെ സ്വഭാവമെന്ന്. എന്നാല്‍ ആശങ്കപ്പെട്ടതുപോലെ നാസൗ സ്റ്റേഡിയത്തിലെ ഡ്രോപ്പ് ഇന്‍ പിച്ചില്‍ നടന്ന ആദ്യ രണ്ട് മത്സരങ്ങളിലും ബാറ്റര്‍മാര്‍ റണ്ണടിക്കാന്‍ പാടുപെടുകയും അപ്രതീക്ഷിത ബൗണ്‍സില്‍ കളിക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
എന്താണ് ഡ്രോപ്പ് ഇന്‍ പിച്ച്
മറ്റൊരു സ്ഥലത്ത് നിർമിച്ച് പരിപാലിച്ചശേഷം ക്രെയ്നിന്റെ സഹായത്തോടെ സ്റ്റേഡിയത്തിൽ കൊണ്ടുവന്നു സ്ഥാപിക്കുന്ന പിച്ചുകളാണ് ‘ഡ്രോപ് ഇൻ പിച്ചുകൾ’. മൾട്ടിപർപ്പസ് സ്റ്റേഡിയങ്ങളിൽ മത്സരശേഷം ഗ്രൗണ്ടിൽ നിന്ന് നീക്കം ചെയ്യാനാകുമെന്നതാണ് ഇതിന്റെ പ്രധാന നേട്ടം. ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ റഗ്ബി, ബേസ്ബോൾ, ഹോക്കി തുടങ്ങിയ മത്സരങ്ങൾക്കായും ഉപയോഗിക്കുന്ന ഓസ്ട്രേലിയയിലും ന്യൂസീലൻഡിലുമാണ് ഇതു കൂടുതലായുള്ളത്. ലോകകപ്പിനായി ന്യൂയോർക്കിലെ നാസോ കൗണ്ടിയിൽ നിർമിച്ച ഐസനോവർ പാർക്ക് സ്റ്റേഡിയവും പിന്നീട് മറ്റു മത്സരങ്ങൾക്ക് ഉപയോഗിക്കുന്നതിനുവേണ്ടിയാണ് ഇവിടെ സ്ഥിരം പിച്ച് നിർമിക്കാത്തത്.
എന്താണ് ഡ്രോപ്പ് ഇന്‍ പിച്ചുകളുടെ പ്രശ്നം
പിച്ചുകളുടെ സ്വഭാവം മുന്‍കൂട്ടി പ്രവചിക്കാനാവില്ല എന്നതാണ് ഡ്രോപ് ഇന്‍ പിച്ചുകളുടെ പ്രധാന പ്രത്യേകത. ആദ്യ രണ്ട് മല്‍സരങ്ങളില്‍ ബോളര്‍മാര്‍ക്ക് അധിക ബൗണ്സടക്കം നല്കി സഹായിച്ച നാസോ കൗണ്ടി പിച്ച് തന്നെ ഉദാഹരണം.അപ്രതീക്ഷിത പെരുമാറ്റമായിരിക്കും പിച്ചില്‍ നിന്നുണ്ടാവുന്നത്. ഇതിനനുസരിച്ച് താരങ്ങള്‍ കരുതിയിരിക്കണമെന്ന് സാരം. കാലാവസ്ഥ പിച്ചിനെ സ്വാധീനിക്കില്ലെന്നതാണ് മറ്റൊരു പ്രത്യേകത. ന്യൂയോർക്കിലെ സ്റ്റേഡിയത്തിൽ സ്ഥാപിച്ച പിച്ചിലെ കളിമണ്ണ് ഓസ്ട്രേലിയയിൽ നിന്നാണെങ്കിൽ അതിൽ പുല്ല് പിടിപ്പിച്ചത് യുഎസിലെ ഫ്ലോറിഡയിൽ എത്തിച്ചശേഷമാണ്.
ബൗളര്‍മാരെ അതിരുവിട്ട് സഹായിക്കുന്ന, ബാറ്റര്‍മാര്‍ക്ക് പരിക്കേല്ക്കാനിടയുള്ള നാസൗ സ്റ്റേഡിയത്തിലെ പിച്ചിനെ പറ്റി താരങ്ങള്‍ക്കും പരിശീലകര്‍ക്കും ആശങ്കകളുണ്ട്. പാക്കിസ്ഥാനെതിരെ ഇന്ത്യയിറങ്ങുന്നത് നാസൗ സ്റ്റേഡിയത്തിലാണ്. ആദ്യ രണ്ട് മല്‍സരങ്ങളില്‍ ബാറ്റര്‍മാരെ വെള്ളം കുടിപ്പിച്ച അതേ സ്വഭാവമാണ് അന്നും പിച്ച് കാണിക്കുന്നതെങ്കില്‍ വലിയ വിമര്‍ശനമാകും ഉയരുക.
Last Updated Jun 7, 2024, 5:20 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]