
ബാര്‍ബഡോസ്: ടി20 ലോകകപ്പില്‍ ഒമാനെതിരെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയന്‍ നിരയില്‍ പാറ്റ് കമ്മിന്‍സ് ഉണ്ടായിരുന്നില്ല. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, നതാന്‍ എല്ലിസ് എന്നിവരായിരുന്നു ഓസീസ് നിരയിലെ പേസര്‍മാര്‍. ഐപിഎല്‍ കഴിഞ്ഞെത്തിയ കമ്മിന്‍സ് വൈകിയാണ് ടീമിനൊപ്പം ചേര്ന്നതെള്ള വാര്‍ത്തകളുണ്ടായിരുന്നു. കമ്മിന്‍സ് ഇല്ലെങ്കിലും ഒമാനെതിരെ 39 റണ്‍സിന്റെ ജയം സ്വന്തമാക്കാന്‍ ഓസീസിന് സാധിച്ചിരുന്നു.
ബാര്‍ബഡോസില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടിയത്. മാര്‍കസ് സ്റ്റോയിനിസ് (36 പന്തില്‍ 67), ഡേവിഡ് വാര്‍ണര്‍ (51 പന്തില്‍ 56) എന്നിവരുടെ ഇന്നിംഗ്സാണ് ഓസീസിന് തുണയായത്. മറുപടി ബാറ്റിംഗില്‍ ഒമാന്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുക്കാനാണ് സാധിച്ചത്. സ്റ്റോയിനിസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ആഡം സാംപ, മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ എല്ലിസ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.
കമ്മിന്‍സിന്റെ അഭാവത്തിലും ഓസ്ട്രേലിയന്‍ ബൗളിംഗ് നിര തിളങ്ങി. ടി20 ലോകകപ്പില്‍ മിച്ചല്‍ മാര്‍ഷാണ് ഓസീസിനെ നയിക്കുന്നത്. എന്നാല്‍ കമ്മിന്‍സിനെ ഗ്രൗണ്ടില്‍ കാണാന്‍ സാധിച്ചു. മത്സരത്തില്‍ ഓസീസിന്റെ വാട്ടര്‍ ബോയ് ആയിരുന്നു കമ്മിന്‍സ്. സഹതാരങ്ങള്‍ക്ക് വെള്ളവുമായെത്തിയ കമ്മിന്‍സിനെ പലപ്പോഴും കാണാമായിരുന്നു. ഇപ്പോള്‍ കമ്മിന്‍സിനെ വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. ഓസീസിന് ലോക കിരീടങ്ങള്‍ സമ്മാനിച്ച ക്യാപ്റ്റനാണ് കമ്മിന്‍സെന്നും അദ്ദേഹത്തിന് വെള്ളം ചുമക്കേണ്ട കാര്യമില്ലെന്നും സോഷ്യല്‍ മീഡിയയിലെ സംസാരം. എന്നാല്‍ ഇതെല്ലാമാണ് ക്രിക്കറ്റ് ഓസ്ട്രേലിയയെ വ്യത്യസ്ഥമാക്കുന്നതെന്ന് മറ്റുചിലര്‍. കമ്മിന്‍സിനെ പ്രശംസിച്ച് വന്ന ചില പോസ്റ്റുകള്‍ വായിക്കാം…
ഒമാനെതിരെ തുടക്കത്തില്‍ ഓസീസ് ബാറ്റര്‍മാര്‍ ബുദ്ധിമുട്ടിയിരുന്നു. ഓസീസിന്റെ തുടക്കവും മോശമായിരുന്നു. ഒരു ഘട്ടത്തില്‍ മൂന്നിന് 50 എന്ന നിലയിലായിരുന്നു അവര്‍. ട്രാവിസ് ഹെഡ് (12), മിച്ചല്‍ മാര്‍ഷ് (14), ഗ്ലെന്‍ മാക്സ്വെല് (0) എന്നിവരെല്ലാം നിരാശപ്പെടുത്തി. പിന്നീട് വാര്‍ണര്‍ – സ്റ്റോയിനിസ് സെഞ്ചുറി കൂട്ടുകെട്ടാണ് ഓസീസിനെ രക്ഷിച്ചത്. ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ വാര്‍ണര്‍ ഏകദിന ശൈലിയിലാണ് കളിച്ചത്. മൂന്ന് വിക്കറ്റ് നഷ്ടമായതും വാര്‍ണറെ പ്രതിരോധത്തിലാക്കി. എന്നാല്‍ ഒരറ്റത്ത് സ്റ്റോയിനിസ് തകര്‍ത്തടിച്ചു. ഇരുവരും 102 റണ്‍സാണ് കൂട്ടിചേര്‍ത്തത്.
Last Updated Jun 6, 2024, 3:19 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]