
പാലക്കാട് ഗവ. വിക്ടോറിയ കോളേജിന്റെ വരാന്തയിലിരുന്ന് സിനിമ സ്വപ്നം കണ്ടിരുന്നവർ. കോളേജിൽനിന്ന് പടിയിറങ്ങിയപ്പോഴും അവരുടെ മനസ്സിൽ ആക്ഷനും കട്ടും തന്നെയായിരുന്നു. പ്രണവ് രാജും നസീം ആസാദും അന്നുതുടങ്ങിയതാണ് യാത്ര. പിന്നീട് ഒപ്പം റോബിൻ ജോയിയുമെത്തി. ഒടുവിൽ മൂവരും എത്തിനിൽക്കുന്നത് കാൻ ചലച്ചിത്രമേളയിലെ പുരസ്കാരത്തിളക്കത്തിൽ. പായൽ കപാഡിയ സംവിധാനംചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രം കാനിൽ ‘ഗ്രാൻഡ് പ്രീ’ അവാർഡ് നേടിയപ്പോൾ സിനിമയുടെ നെടുംതൂണായി പ്രവർത്തിച്ച ഈ പാലക്കാട്ടുകാരും അഭിമാനത്തിന്റെ നെറുകയിലാണ്.
സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായിരുന്നു ചന്ദ്രനഗർ സ്വദേശി റോബിൻ ജോയ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും കാസ്റ്റിങ് ഡയറക്ടറുമായിരുന്നു കാടാങ്കോട് അക്ഷര നഗർ സ്വദേശി പ്രണവ് രാജ്. തിരക്കഥാ മേൽനോട്ടവും മലയാളം സംഭാഷണരചനയുമായി കല്ലടിക്കോട് കോണിക്കഴി സ്വദേശി നസീം ആസാദുമുണ്ടായിരുന്നു. അഭിനേതാവായി ചെർപ്പുളശ്ശേരി കിഴൂർ സ്വദേശി കെ.എസ്. ആർദ്രയും കാസ്റ്റിങ് ടീം അംഗമായി പാലക്കാട് ജില്ലാ പോലീസ് ആസ്ഥാനത്തിനടുത്ത് താമസിക്കുന്ന അഖിൽ ദേവനും സിനിമയുടെ ഭാഗമായി.
2010-ൽ വിക്ടോറിയ കോളേജിൽ ബിരുദവിദ്യാർഥികളായിരുന്ന പ്രണവ് രാജും നസീം ആസാദും അന്നുതന്നെ ഹ്രസ്വചിത്രങ്ങൾ ചെയ്തിരുന്നു. ‘നോ സിഗ്നൽ’ എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. അക്കാലത്താണ് പാലക്കാട്ടുനടന്ന ഹ്രസ്വചലച്ചിത്രമേളയിൽ സമ്മാനം നേടിയ റോബിൻ ജോയിയെ ഇരുവരും പരിചയപ്പെട്ടത്. പിന്നീടങ്ങോട്ട് ഒരുമിച്ചായി യാത്ര. ‘ബ്ലസ്ഡ് വിത്ത് എ കഴ്സ്’ എന്നപേരിൽ പ്രൊഡക്ഷൻ ബാനർ തുടങ്ങി. ജില്ലയിലെ വിവിധ സെമിനാറുകളുടെയും ഡോക്യുമെന്ററി പ്രദർശന പരിപാടികളുടെയും ഭാഗമായി. 2012-ൽ പറമ്പിക്കുളത്തുനടന്ന ഡോക്യുമെന്ററി പ്രദർശനത്തിലും 2013-ൽ മുണ്ടൂർ ഐ.ആർ.ടി.സി.യിലെ ‘വെക്കാനം’ ചരിത്രസെമിനാറിലും പങ്കെടുത്തു. ഇതിനിടെയാണ് എല്ലാവരും ഈ മേഖലയിലെ ഉപരിപഠന സാധ്യതകൾ തേടിയത്.
റോബിൻ ജോയി പുണെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സംവിധാനത്തിൽ പി.ജി. പൂർത്തിയാക്കി. ഇവിടെ റോബിന്റെ സീനിയറായിരുന്നു പായൽ കപാഡിയ. പ്രണവ് രാജ് നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് അഭിനയത്തിലും എൽ.വി. പ്രസാദ് കോളേജ് ഓഫ് മീഡിയ സ്റ്റഡീസിൽനിന്ന് ഫിലിം എഡിറ്റിങ്ങിലും ഡിപ്ലോമ പൂർത്തിയാക്കി.
നസീം ആസാദ് കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം സ്റ്റഡീസിൽനിന്ന് സിനിമാട്ടോഗ്രഫിയിൽ ഡിപ്ലോമ പാസായി.
തൃശ്ശൂർ എൻജിനിയറിങ് കോളേജിൽനിന്ന് ബി.ടെക് കഴിഞ്ഞ അഖിൽ ദേവൻ പിന്നീട് ഓൺലൈൻ മീഡിയയിലേക്കും ഹ്രസ്വചിത്ര നിർമാണത്തിലേക്കും തിരിഞ്ഞു. മലയാളം സർവകലാശാലയിലെ മാധ്യമപഠനം പൂർത്തിയാക്കിയാണ് ആർദ്ര ഗവേഷണത്തിന് മുംബൈ ഐ.ഐ.ടി.യിലെത്തുന്നത്. ഇപ്പോൾ പാലക്കാട് ഐ.ഐ.ടി.യിലെ ഗവേഷണ വിദ്യാർഥിയും എഴുത്തുകാരിയുമാണ്. ‘കമല കൾട്ട്’ എന്നപേരിൽ ചെറുകഥാ സമാഹാരം രചിച്ചിട്ടുണ്ട്.
2019-ൽ പുറത്തിറങ്ങിയ ‘ഇഷ്ക്’, 2021-ൽ ‘തലക്കുറി’, 2023-ൽ കെ.എസ്.എഫ്.ഡി.സി.യുടെ ബാനറിൽ പുറത്തിറങ്ങിയ ‘അരികെ’ തുടങ്ങിയ പ്രൊഡക്ഷനുകളിൽ നസീം പ്രവർത്തിച്ചിട്ടുണ്ട്. ഏദൻ, ചുരുട്ടിന്റെ ഗന്ധം തുടങ്ങിയ ചിത്രങ്ങളിലാണ് റോബിൻ പ്രവർത്തിച്ചത്.
‘ത്രിശങ്കു’ സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും ‘പട’യുടെ സംവിധാന സംഘത്തിലും പ്രണവ് രാജുണ്ടായിരുന്നു. പുതിയ സിനിമകളുടെ തിരക്കിലാണ് എല്ലാവരും. മുംബൈയിലെത്തിയ മലയാളി നഴ്സുമാരുടെ കഥ പറയുന്ന ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന സിനിമയിൽ ഹിന്ദി, മറാഠി, മലയാളം ഭാഷകളുണ്ട്. ചിത്രത്തിൽ അമ്പതുശതമാനത്തിലേറെയും മലയാളമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]