
മുംബൈ: നടി രവീണ ടണ്ഠന്റെ കാറിടിച്ച് മൂന്നുപേർക്ക് പരിക്ക്. മുംബൈ ബാന്ദ്രയിലാണ് സംഭവം. സംഭവത്തേത്തുടർന്ന് നാട്ടുകാർ രവീണയെ കയ്യേറ്റം ചെയ്തതായും റിപ്പോർട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
ബാന്ദ്ര റിസ്വി കോളേജിന് സമീപത്തുള്ള കാർട്ടർ റോഡിലാണ് ഏവരേയും ഞെട്ടിച്ച സംഭവം നടന്നത്. അപകടം നടക്കുമ്പോൾ ഡ്രൈവറാണ് കാറോടിച്ചിരുന്നത്. മൂന്ന് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. അപകടത്തിന് തൊട്ടുപിന്നാലെ കാറിൽ നിന്നിറങ്ങുമ്പോൾ രവീണ മദ്യപിച്ച നിലയിലായിരുന്നെന്നും റിപ്പോർട്ടുണ്ട്. അശ്രദ്ധമായ ഡ്രൈവിങ്ങിനെ ചോദ്യം ചെയ്ത നാട്ടുകാരെ രവീണ അപമാനിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു.
തന്റെ മൂക്കിൽ നിന്ന് രക്തം വരുന്നുണ്ടെന്ന് പരിക്കേറ്റ സ്ത്രീ പറയുന്നതാണ് ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിലുള്ളത്. നിങ്ങൾ ഈ രാത്രി ജയിലിൽ കിടക്കേണ്ടിവരുമെന്നും ഇവർ രവീണയോട് പറയുന്നുണ്ട്. രവീണയുടെ ഡ്രൈവർ തന്റെ ബന്ധുവിനേയും അമ്മയേയും ആക്രമിച്ചെന്നും അമ്മയ്ക്ക് തലയ്ക്ക് മുറിവേറ്റെന്നും പരിക്കേറ്റ മൊഹ്സിൻ ഷെയ്ഖ് എന്നയാൾ പ്രതികരിച്ചു. സമീപത്തെ ഖർ പോലീസ് സ്റ്റേഷനിൽ സഹായം അഭ്യർത്ഥിച്ചപ്പോൾ നാലു മണിക്കൂർ കാത്തുനിർത്തിച്ചെന്നും പരാതി ഫയൽ ചെയ്യാൻ വിസമ്മതിച്ചെന്നും അദ്ദേഹം പറഞ്ഞു.
“സ്റ്റേഷനുപുറത്തുവെച്ചുതന്നെ പ്രശ്നം പരിഹരിക്കാനാണ് പോലീസ് ആവശ്യപ്പെട്ടത്. എന്റെ അമ്മയാണ് ആക്രമിക്കപ്പെട്ടത്. ഞങ്ങൾക്ക് നീതിവേണം.” മൊഹസിൻ ആവശ്യപ്പെട്ടു.
തന്നെ പിന്നിലേക്ക് തള്ളരുതെന്നും ദേഹോപദ്രവം ഏൽപ്പിക്കരുതെന്ന് രവീണ പറയുന്നതും പുറത്തുവന്ന വീഡിയോയിലുണ്ട്. സ്വന്തം വീട്ടിലേക്ക് വന്ന രവീണയെ അകത്തേക്ക് കയറാൻ സമ്മതിക്കാതെ ഒരുപറ്റമാളുകൾ തടഞ്ഞുവെയ്ക്കുകയായിരുന്നെന്നാണ് നടിയുമായി അടുത്തവൃത്തങ്ങൾ പറയുന്നത്. നടിയുടെ കാർ പരിക്കേറ്റെന്നുപറയുന്ന ആളെ തൊട്ടിട്ടുപോലുമില്ല. ജനക്കൂട്ടം കാർ തടഞ്ഞ് ഡ്രൈവറോട് പുറത്തിറങ്ങാനും തങ്ങളോട് സംസാരിക്കാനും ആവശ്യപ്പെടുകയായിരുന്നു. വ്യക്തിഗത സുരക്ഷയുടെ പ്രശ്നമാണിതെന്നും അവർ വ്യക്തമാക്കി.
അതേസമയം രവീണയുടെ ഭാഗത്തുനിന്ന് എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്നുള്ള വിശദീകരണം ഇതുവരെ ലഭ്യമായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]