
അല്ലെങ്കിലും സോഷ്യൽ മീഡിയ ഒരു സംഭവമാണ്. അല്ലെങ്കിൽ വർഷങ്ങൾക്കുമുന്നേ ഇറങ്ങിയ ഒരുചിത്രത്തിലെ കഥാപാത്രവും സംഭാഷണവും ഇങ്ങനെ വൈറലാവുമോ? പറഞ്ഞുവരുന്നത് രണ്ടുദിവസമായി സകലമാന സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലും വൈറലായിക്കൊണ്ടിരിക്കുന്ന ദുബായ് ജോസ് എന്ന കഥാപാത്രത്തേക്കുറിച്ചാണ്. ശരിക്കും ആരാണീ ദുബായ് ജോസ്?
20 വർഷം മുൻപ് എം.സിന്ധുരാജിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ജലോത്സവം എന്ന ചിത്രത്തിലെ കഥാപാത്രമാണ് ദുബായ് ജോസ്. ചിത്രത്തിലെ ഈ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് റിയാസ് ഖാൻ ആണ്. ഈ കഥാപാത്രത്തെയാണിപ്പോൾ സാമൂഹിക മാധ്യമങ്ങൾ ആഘോഷിക്കുന്നത്. ജലോത്സവത്തിൽ റിയാസ് ഖാന്റെ ഈ കഥാപാത്രം പലയിടങ്ങളിലായി ഉപയോഗിക്കുന്ന അടിച്ചു കേറി വാ എന്ന സംഭാഷണവും ഇപ്പോൾ ട്രെൻഡിങ്ങാണ്.
ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും വാട്ട്സാപ്പും നിറയെ ‘ജോസ്’ റീലുകളും മീമുകളും ആണ്. ‘ദുബായ് ജോസ്‘ വൈറലായതോടെ പലരും അതിനു കാരണവും തേടുന്നുണ്ട്. കാര്യം മനസ്സിലാകാത്തവരും റീലുകൾ ഷെയർ ചെയ്യുന്നുണ്ട്. ഈയിടെ തിയേറ്ററുകളിലെത്തിയ ടർബോ എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് ടർബോ ജോസ് എന്നാണ്. മലയാളസിനിമയിൽ മുൻപ് വന്നിട്ടുള്ള ജോസുമാർ ആരെങ്കിലും ഉണ്ടോ എന്ന അന്വേഷണമായിരിക്കാം ദുബായ് ജോസിലേക്കെത്തിയത് എന്ന രീതിയിലാണ് ഇപ്പോഴത്തെ ഈ ട്രെൻഡ് വിലയിരുത്തപ്പെടുന്നത്.
2004-ലായിരുന്നു ജലോത്സവം പുറത്തിറങ്ങിയത്. കുഞ്ചാക്കോ ബോബനായിരുന്നു നായകൻ. നെടുമുടി വേണു, നവ്യാ നായർ, സുജാത, ജഗതി ശ്രീകുമാർ എന്നിവരായിരുന്നു മറ്റു പ്രധാനവേഷങ്ങളിൽ. ബാലേട്ടൻ എന്ന ചിത്രത്തിനുശേഷം റിയാസ് ഖാന് ലഭിച്ച മികച്ച വേഷമായിരുന്നു ഈ ചിത്രത്തിലെ ദുബായ് ജോസ്. അന്ന് ലഭിക്കാത്ത സ്വീകരണമാണ് ഇപ്പോൾ ഈ കഥാപാത്രത്തിന് സോഷ്യൽ മീഡിയ നൽകിക്കൊണ്ടിരിക്കുന്നത്. ആവേശത്തിലെ രംഗണ്ണനും അദ്ദേഹത്തിന്റെ എടാ മോനേ എന്ന ഡയലോഗിനുംശേഷം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ദുബായ് ജോസിനെ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അൽഫോൺസ് ജോസഫായിരുന്നു സംഗീത സംവിധായകൻ. കേരനിരകളാടും ഉൾപ്പെടെ മികച്ച ഗാനങ്ങളുടെ അകമ്പടിയിലെത്തിയ ചിത്രം ബോക്സോഫീസിൽ ശരാശരി വിജയമായിരുന്നു നേടിയത്.