
കൊടുംചൂടിൽ ആശ്വാസമായി കേരളത്തിൽ കാലവർഷമെത്തിയെങ്കിലും ഡൽഹിയടക്കമുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ ഇപ്പോഴും കനത്ത ചൂടിൽ പൊരിയുകയാണ്. അടങ്ങാത്ത ചൂടിൽ സൂര്യൻ ജ്വലിക്കുമ്പോൾ മനുഷ്യർ മാത്രമല്ല മൃഗങ്ങളും ചൂടുതാങ്ങാനാകാതെ വലയുകയാണ്.
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ, ഉയർന്ന താപനില മൃഗങ്ങളും പക്ഷികളും ഉൾപ്പടെ സകലരേയും ദുരിതത്തിലാക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. കഴിഞ്ഞ ദിവസം വവ്വാലുകളും പക്ഷികളും ചൂടിനെ അതിജീവിക്കാനാകാതെ കൂട്ടത്തോടെ ചത്തുവീണ ഞെട്ടിപ്പിക്കുന്ന വാർത്ത ഇവിടെ നിന്നും പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ചൂടിൽ കുഴഞ്ഞുവീണ ഒരു കുരങ്ങന്റെ വാർത്തയാണ് പുറത്തു വരുന്നത്. ഭാഗ്യവശാൽ, ദയയുള്ള ഏതാനും ഗ്രാമവാസികൾ അതിനെ കണ്ടെത്തുകയും ജീവൻ നിലനിർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
കുരങ്ങിനെ രക്ഷപ്പെടുത്തുന്ന ഗ്രാമവാസികളുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുകയാണ്. വൈറലായിരിക്കുന്ന വീഡിയോയിൽ ഏതാനും പേർ ചേർന്ന് തണുത്ത വെള്ളം കൊണ്ട് കുരങ്ങന്റെ ശരീരം തണുപ്പിച്ച് ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതും ഒആർഎസ് ലായനി കുടിപ്പിക്കാൻ ശ്രമിക്കുന്നതും കാണാം. കൂളിങ് ഓയിൽ ഉപയോഗിച്ച് കുരങ്ങന്റെ ശരീരം മസാജ് ചെയ്തുകൊടുക്കുന്നതും വീഡിയോയിൽ കാണാം. ഏതായാലും ഗ്രാമവാസികളുടെ ഈ പ്രവൃത്തി കുരങ്ങന്റെ ജീവൻ തിരിച്ചു പിടിക്കുന്നതിൽ നിർണായകമായി എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കണ്ണു തുറന്ന് എഴുന്നേറ്റ കുരങ്ങൻ ആശ്വസത്തോടെ ചുറ്റും നോക്കുന്നതും വീഡിയോയിൽ കാണാം.
വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ ഗ്രാമവാസികളെ അഭിനന്ദിച്ചുകൊണ്ട് നിരവധിപ്പേർ അഭിപ്രായപ്രകടനം നടത്തി. മനുഷ്യരുടെ മാത്രമല്ല ചൂടുകാലത്ത് മൃഗങ്ങളുടെ അവസ്ഥയും ഏറെ പരിതാപകരമാണെന്നും അതു മനസ്സിലാക്കി നമുക്ക് ചുറ്റുമുള്ള ജീവജാലങ്ങളെ സംരക്ഷിക്കാൻ എല്ലാവരും മനസ്സ് കാണിക്കണമെന്നും നിരവധിപേർ അഭിപ്രായപ്പെട്ടു.
Last Updated Jun 2, 2024, 4:16 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]