
ജനങ്ങളുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ പോലീസ് സ്റ്റേഷനുള്ളിൽ കോഫി ഷോപ്പ് തുടങ്ങി ഉത്തർപ്രദേശ് പൊലീസ്. നോയിഡയിലെ പോലീസ് കമ്മീഷണറേറ്റിനുള്ളിൽ സെക്ടർ 108-ലാണ് കഫേ റിസ്റ്റ എന്ന പേരിൽ പുതിയ സംരംഭം തുടങ്ങിയത്. പോലീസ് ഉദ്യോഗസ്ഥരുമായി ജനങ്ങൾക്കുള്ള ബന്ധം കൂടുതൽ സൗഹാർദ്ദപരം ആക്കുകയും അനാവശ്യമായ ഭയം ഒഴിവാക്കുകയും ചെയ്യുക എന്നതാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് യുപി പോലീസ് അവകാശപ്പെടുന്നു.
ഐപിഎസ് ഉദ്യോഗസ്ഥരായ ലക്ഷ്മി സിങ്ങും ബബ്ലൂ കുമാറും ചേർന്നാണ് ഇത്തരത്തിൽ ഒരു ആശയം നടപ്പിലാക്കിയിരിക്കുന്നത്. രുചികരമായ ഭക്ഷണവും ഒരു കപ്പ് കോഫിയും കുടിച്ച് സ്വസ്ഥമായിരിക്കാൻ സൗകര്യപ്രദമായ ഒരിടവും ഈ കഫേ വാഗ്ദാനം ചെയ്യുന്നു. മിതമായ നിരക്കിൽ ഭക്ഷണ സാധനങ്ങൾ ലഭ്യമാകും എന്നതാണ് മറ്റൊരു പ്രത്യേകത.
കമ്മീഷണറേറ്റിന്റെ കുടുംബ തർക്ക പരിഹാര ക്ലിനിക്കിന് സമീപത്തായാണ് കഫേ സജ്ജീകരിച്ചിരിക്കുന്നത്. ചിന്തോദ്ദീപകമായ ഉദ്ധരണികളോടെയുള്ള കഫേയുടെ ശാന്തമായ അന്തരീക്ഷം എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത് എന്നതാണ് ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ അവകാശപ്പെടുന്നത്. സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കഫേ റിസ്റ്റയുടെ വീഡിയോ ഏറെ പേരുടെ ശ്രദ്ധനേടിക്കഴിഞ്ഞു. തീർത്തും നൂതനമായതും എന്നാൽ മികച്ചതുമായ ഒരു ആശയം എന്നാണ് ഈ സംരംഭത്തെ സ്വാഗതം ചെയ്ത് കൊണ്ട് നെറ്റിസൺസ് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്.
ആളുകൾ പലപ്പോഴും പോലീസിനെ ഭയത്തോടെയാണോ കാണുന്നതെന്നും അത്തരത്തിലൊരു ഭയപ്പാടിന്റെ യാതൊരുവിധ ആവശ്യവും ഇല്ലെന്നും വീഡിയോ പങ്കുവെച്ച് കൊണ്ട് നോയിഡ പോലീസ് കുറിച്ചു. യൂണിഫോം ധരിച്ചിട്ടുണ്ടെങ്കിലും തങ്ങളും സാധാരണ മനുഷ്യരാണെന്നും പോസ്റ്റിൽ പറയുന്നു. കൂടാതെ ഈ കഫേ സാധാരണക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം വളർത്തുന്ന ഒരു പാലമാണെന്നും പോസ്റ്റിൽ വ്യക്തമാക്കി. ഇന്‍സ്റ്റാഗ്രാമിലും എക്സിലും വീഡിയോകള്‍ പങ്കുവയ്ക്കപ്പട്ടിട്ടുണ്ട്.
Last Updated Jun 1, 2024, 12:07 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]