
മമ്മൂട്ടി ചിത്രം ‘ടർബോ’യുടെ റിവ്യൂ പറഞ്ഞുകൊണ്ടുള്ള വീഡിയോ യൂട്യൂബിൽ നിന്നും നീക്കം ചെയ്തു. മമ്മൂട്ടി കമ്പനി പകർപ്പവകാശ ലംഘനവുമായി എത്തിയതോടെയാണ് വീഡിയോ നീക്കം ചെയ്തത്. യൂട്യൂബ് റിവ്യൂവിന്റെ തമ്പ്നെയ്ലിൽ ‘ടർബോ’ സിനിമയുടെ ഔദ്യോഗിക പോസ്റ്ററായിരുന്നു ഉപയോഗിച്ചിരുന്നത്. തമ്പ്നെയ്ൽ മാറ്റിയ റിവ്യൂ വിഡിയോ ചാനലിൽ വീണ്ടും അപ്ലോഡ് ചെയ്തിട്ടുമുണ്ട്.
ചിത്രത്തിന് നെഗറ്റീവ് റിവ്യൂവാണ് ചാനലിൽ നൽകിയിരുന്നത്. മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്ന ചിത്രത്തിന് നേരെയുള്ള നെഗറ്റീവ് റിവ്യൂവിനെതിരെ ആരാധകരുടെ ഭാഗത്ത് നിന്നുള്ള വിമർശനവും വരുന്നുണ്ട്. സിനിമകൾക്ക് നേരെയുള്ള ഇത്തരം നിരൂപണങ്ങളെ അവഗണിക്കണമെന്നും കർശനമായ നിയമനടപടി സ്വീകരിക്കണമെന്നുമൊക്കെയുള്ള അഭിപ്രായങ്ങൾ സിനിമ ലോകത്തുനിന്നും ഉയരുന്നുണ്ട്.
എന്നാൽ ‘ടർബോ’യ്ക്ക് നെഗറ്റീവ് റിവ്യൂ നൽകിയതുകൊണ്ടല്ല പോസ്റ്റർ അനധികൃതമായി ഉപയോഗിച്ചതു കൊണ്ടാണ് നോട്ടീസ് നൽകിയതെന്നാണ് മമ്മൂട്ടി കമ്പനിയുടെ അടുത്ത വൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ. മുൻപും പല മമ്മൂട്ടി ചിത്രങ്ങൾക്കും ഇതേ വ്ലോഗർ നെഗറ്റീവ് റിവ്യൂ നൽകിയിരുന്നെങ്കിലും ഇവയെല്ലാം വൻവിജയമായി മാറിയിരുന്നു.
ചിത്രത്തിന് നേരെ ഉയർന്ന ചില നെഗറ്റീവ് റിവ്യൂകളെ കാറ്റിൽപ്പറത്തിക്കൊണ്ട് എക്സ്ട്രാ ഷോകളുമായി ബോക്സോഫീസിൽ കുതിക്കുകയാണ് ‘ടർബോ’. ഹൗസ്ഫുൾ ഷോകളുമായി മുന്നേറുന്ന ചിത്രം 50 കോടി ക്ലബ്ബിലേയ്ക്ക് രണ്ടുദിവസത്തിനുള്ളിൽ എത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ.
ഇതേ യൂട്യൂബർക്കെതിരെ പരാതിയുമായി നിർമാതാവ് സിയാദ് കോക്കർ നേരത്തെ രംഗത്തെത്തിയിരുന്നു. ‘മാരിവില്ലിൻ ഗോപുരങ്ങൾ’ എന്ന ചിത്രത്തിനെതിരെ അശ്വന്ത് കോക്ക് റിവ്യൂ ബോംബിങ് നടത്തിയെന്ന് ആരോപിച്ചാണ് നിർമാതാവ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. റിവ്യൂവിനെതിരെ സിയാദ് കോക്കർ രംഗത്തുവന്നതിന് പിന്നാലെ അശ്വന്ത് കോക്കിൻ്റെ വീഡിയോ യൂട്യൂബിൽ നിന്നും നീക്കം ചെയ്തിരുന്നു.
‘മാരിവില്ലിൻ ഗോപുരങ്ങൾ’ എന്ന ചിത്രത്തിന്റെ റിവ്യൂവിൽ അശ്വന്ത് കോക്ക് സിനിമയിൽ അഭിനയിച്ചവരെയും അണിയറ പ്രവർത്തകരെയും അധിക്ഷേപിച്ചുവെന്നും ആരോപണമുണ്ടായിരുന്നു. അശ്വന്ത് കോക്കിനെപ്പോലുള്ളവരെ കൈകാര്യം ചെയ്യാൻ സിനിമാ രംഗത്തുള്ളവർ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും സിയാദ് കോക്കർ ആവശ്യപ്പെട്ടിരുന്നു. റിവ്യൂ ബോംബിങ്ങുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ പരാതി നിൽക്കവെയാണ് സിയാദ് കോക്കർ രംഗത്തെത്തിയത് എന്നതും ശ്രദ്ധേയമായിരുന്നു.
അതേസമയം, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടർബോ’. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കുന്നത്. ‘പോക്കിരിരാജ’, ‘മധുരരാജ’ എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘ടർബോ’.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]