
ചെന്നൈ: ഗാനങ്ങളുടെ പകർപ്പവകാശവുമായി ബന്ധപ്പെട്ട വിവാദത്തിൽ സംഗീതസംവിധായകൻ ഇളയരാജയെ പരോക്ഷമായി വിമർശിച്ച് കവിയും ഗാനരചയിതാവുമായ വൈരമുത്തു. താനെഴുതിയ കവിതകളിലെയും ഗാനങ്ങളിലെയും വരികൾ സിനിമകളുടെ പേരിനായി ഉപയോഗിക്കാറുണ്ടെന്നും അതിന്റെ പേരിൽ പകർപ്പവകാശം ഉന്നയിക്കാറില്ലെന്നും വൈരമുത്തു പറഞ്ഞു.
വിണൈതാണ്ടി വരുവായ, നീ താനെ എൻ പൊൻവസന്തം എന്നിവ തന്റെ കവിതകളുടെ പേരുകളായിരുന്നെന്നും പിന്നീട് ഇവ സിനിമകൾക്ക് ഉപയോഗിച്ചെന്നും വൈരമുത്തു പറഞ്ഞു.
ആരും സമ്മതം ചോദിക്കാതെയാണ് ഈ പേരുകൾ സിനിമയ്ക്ക് നൽകിയത്. താൻ ആരോടും ഇതേക്കുറിച്ച് ചോദിച്ചിട്ടില്ല. കാരണം, വൈരമുത്തു നമ്മിൽ ഒരാൾ, തമിഴ് നമ്മുടെ ഭാഷ എന്നുകരുതിയാണ് കവിത മറ്റുള്ളവർ ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ സംഗീതം നൽകിയ പാട്ടുകൾ ഗാനമേളകളിലും സ്റ്റേജ് ഷോകളിലും ഉപയോഗിക്കുന്നതിനെതിരേ ഇളയരാജ നിയമനടപടിയെടുക്കുന്ന പശ്ചാത്തലത്തിലാണ് വൈരമുത്തുവിന്റെ പ്രസ്താവന.
പാട്ട് എന്നാൽ ഈണംമാത്രമല്ല, അതിലെ വരികൾകൂടിയാണെന്ന് സാമാന്യബോധമുള്ളവർക്ക് അറിയാമെന്ന് മുമ്പ് ഈ വിഷയത്തിൽ വൈരമുത്തു പ്രതികരിച്ചിരുന്നു. തുടർന്ന്, ഇനി ഇളയരാജയെക്കുറിച്ച് മോശമായി സംസാരിച്ചാൽ വൈരമുത്തു കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്ന് ഇളരാജയുടെ സഹോദരൻ ഗംഗൈ അമരൻ ഭീഷണിമുഴക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]