
ദില്ലി: ഉഷ്ണ തരംഗം രൂക്ഷമായതിന് പിന്നാലെ കറുത്ത ഗൌൺ ഉപയോഗത്തിന് ഇളവ് ആവശ്യപ്പെട്ട് അഭിഭാഷകർ. കറുത്ത കോട്ടും ഗൌണും ഉഷ്ണ തരംഗത്തെ കൂടുതൽ രൂക്ഷമാക്കുന്നുവെന്നാണ് അഭിഭാഷകർ വിശദമാക്കുന്നത്. വേനൽക്കാലത്ത് കറുത്ത കോട്ടിനും ഗൌണിനും മൂന്ന് ഹൈക്കോടതികൾ ഇളവ് അനുവദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 1961 മുതലുള്ള ഡ്രെസ് കോഡിലുള്ള മാറ്റം വേണമെന്നും അഭിഭാഷകർ അഭിപ്രായപ്പെടുന്നുണ്ട്. ഇക്കാര്യത്തിൽ സുപ്രീം കോടതിയുടെ ഇടപെടലുണ്ടാവണമെന്നാണ് അന്തർദേശീയ മാധ്യമങ്ങളോട് അഭിഭാഷകർ പ്രതികരിക്കുന്നത്.
ദില്ലിയിലെ ഒരു കോടതിയിൽ കേസ് പരിഗണിക്കുന്നത് കനത്ത ചൂടിൽ മാറ്റി വച്ചതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. സുപ്രീം കോടതിയും ഹൈക്കോടതിയും പോലുള്ള ഉയർന്ന കോടതികളിൽ എയർ കണ്ടീഷണർ അടക്കമുള്ള സംവിധാനങ്ങൾ ഉണ്ടെങ്കിലും മിക്ക കീഴ്ക്കോടതികളിലും ഇത്തരം സംവിധാനങ്ങളില്ല. ചിലയിടങ്ങളിൽ കോടതിമുറികളിൽ കാറ്റ് പോലും കയറുന്നത് ദുഷ്കരമായ സാഹചര്യമെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് വിശദമാക്കുന്നത്.
ഉഷ്ണ തരംഗം ശക്തമായതിന് പിന്നാലെ ദില്ലിയിൽ 50 ഡിഗ്രി സെൽഷ്യസ് റിപ്പോർട്ട് ചെയ്തത് ഈ ആഴ്ചയാണ്. ദ്വാരകയിലെ കൺസ്യൂമർ കോടതിയിൽ വ്യാഴാഴ്ച കേസുകൾ പരിഗണിച്ചത് പ്രവർത്തിക്കാത്ത എസികളുടെ സാന്നിധ്യത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. 2021ൽ സുപ്രീം കോടതി ജസ്റ്റിസ് ഇന്ത്യയിലെ കോടതിയിലെ സൌകര്യക്കുറവുകളേക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. ദില്ലിയിലെ അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി ഡ്രെസ് കോഡിൽ മാറ്റം ആവശ്യപ്പെട്ട് ഇതിനോടകം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
Last Updated May 31, 2024, 1:26 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]