
ഗ്യാങ്സ് ഓഫ് ഗോദാവരി എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ ചിത്രത്തിലെ നായികയായ അഞ്ജലിയെ തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണ വേദിയിൽനിന്ന് തള്ളിമാറ്റിയ സംഭവം വിവാദത്തിനിടയാക്കിയിരുന്നു. അഞ്ജലിയോടുള്ള ബാലകൃഷ്ണയുടെ പെരുമാറ്റത്തിനെതിരെ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ ഉയർന്നത്. ഈ സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിനുപിന്നാലെ അഞ്ജലി എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ശ്രദ്ധനേടുകയാണ്.
തന്നോടുള്ള പെരുമാറ്റത്തിൽ ബാലകൃഷ്ണയ്ക്കെതിരെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ഉയർന്ന അവസരത്തിൽ അദ്ദേഹത്തെ പിന്തുണച്ചുകൊണ്ടാണ് അഞ്ജലി പോസ്റ്റിട്ടത്. ഗ്യാങ്സ് ഓഫ് ഗോദാവരി പ്രീ-റിലീസ് ഇവൻ്റിൽ പങ്കെടുത്തതിന് ബാലകൃഷ്ണയോട് നന്ദി പറയാൻ താൻ ആഗ്രഹിക്കുന്നു എന്നാണ് അഞ്ജലി എഴുതിയത്.
താനും ബാലകൃഷ്ണയും പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുന്നുണ്ട്. കൂടാതെ വളരെക്കാലമായി നല്ല സൗഹൃദം പങ്കിടുന്നുവെന്ന് പറയാനും താൻ ആഗ്രഹിക്കുകയാണ്. അദ്ദേഹത്തോടൊപ്പം വീണ്ടും വേദി പങ്കിടാൻ സാധിച്ചതിലെ സന്തോഷം അറിയിച്ചുകൊണ്ടാണ് അഞ്ജലി കുറിപ്പ് അവസാനിപ്പിച്ചത്. ചടങ്ങിൽ നിന്നുള്ള ഒരു വീഡിയോയും അവർ പങ്കുവെച്ചിട്ടുണ്ട്. ബാലകൃഷ്ണയേക്കുറിച്ചുള്ള അഞ്ജലിയുടെ വാക്കുകൾ പലരിലും അദ്ഭുതമാണുണ്ടാക്കിയത്.
വേദിയിൽ അണിയറ പ്രവർത്തകർക്കൊപ്പം ഫോട്ടോ എടുക്കുമ്പോഴായിരുന്നു സംഭവം. രോഷാകുലനായി മാറി നിൽക്കെന്ന് ആവശ്യപ്പെട്ടാണ് നടി അഞ്ജലിയെ സൂപ്പർതാരം തള്ളിമാറ്റിയത്. പെട്ടന്നുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം കണ്ട് അഞ്ജലിയും കൂടെ നിന്നിരുന്ന നേഹ ഷെട്ടി എന്ന നടിയും ഞെട്ടിപ്പോയി. തുടർന്ന് രണ്ടുനടിമാരും ഒരുമിച്ച് പൊട്ടിച്ചിരിക്കുന്നതും പുറത്തുവന്ന വീഡിയോയിലുണ്ടായിരുന്നു.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് സംഭവത്തെ അപലപിച്ച് രംഗത്തെത്തിയത്. അസ്വീകാര്യനായ വ്യക്തിയെന്നാണ് സംവിധായകൻ ഹൻസൽ മേത്ത ബാലകൃഷ്ണയെ വിശേഷിപ്പിച്ചത്. ഗായിക ചിന്മയിയും സംഭവത്തെ അപലപിച്ചിരുന്നു.
അഞ്ജലിയോടുള്ള ബാലകൃഷ്ണയുടെ പെരുമാറ്റത്തിനെതിരെ വലിയ പ്രതിഷേധമാണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. സ്ത്രീകളോടുള്ള അനാദരവ് കണ്ടില്ലെന്ന് നടിക്കരുതെന്നാണ് ഏവരും ഒരേ സ്വരത്തിൽ പറയുന്നത്. വേദിയിലുണ്ടായിരുന്ന നായകൻ വിശ്വക് സെൻ ഉൾപ്പെടെ ഒരാൾപോലും ഇതിനെതിരെ പ്രതികരിച്ചില്ലെന്നും സോഷ്യൽ മീഡിയയിലുയർന്ന വിമർശനത്തിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]