
മുംബൈ: ഐപിഎല്ലിനിടെ ആര്‍സിബി താരം വിരാട് കോലിയെ വിമര്‍ശിച്ചതിന് ആരാധകനില്‍ നിന്ന് വധഭീഷണി ലഭിച്ചതായി വെളിപ്പെടുത്തി മുന്‍ ന്യൂസിലന്‍ഡ് പേസറും കമന്റേറ്ററുമായ സൈമണ്‍ ഡൂള്‍. വിരാട് കോലിക്കെതിരായ വിമര്‍ശനം വ്യക്തിപരമായിരുന്നില്ലെന്നും കോലിയുമായി നല്ല ബന്ധമാണുള്ളതെന്നും ഡൂള്‍ വ്യക്തമാക്കി.
ഐപിഎല്ലിൽ സീസണ് തുടക്കത്തില്‍ വിരാട് കോലിയുടെ മോശം സ്ട്രൈക്ക് റേറ്റിനെ സൈമണ്‍ ഡൂള്‍ കമന്ററിക്കിടെ പലവട്ടം വിമര്‍ശിച്ചിരുന്നു. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തിനിടെ കോലി 42 റണ്‍സില്‍ നിന്ന് 50 റണ്‍സിലെത്താന്‍ 10 പന്തുകള്‍ നേരിട്ടപ്പോള്‍, വ്യക്തിഗത നേട്ടങ്ങള്‍ക്കുവേണ്ടി ചിലര്‍ കളിക്കുന്നതിനെക്കുറിച്ചും ഡൂള്‍ പറഞ്ഞിരുന്നു. ഔട്ടാവുമെന്ന ഭയമില്ലാതെ കളിക്കാനുള്ള സ്വാതന്ത്ര്യം ഇപ്പോള്‍ കോലിക്കുണ്ടെന്നും പിന്നെ എന്തിനാണ് ഇങ്ങനെ പ്രിതരോധിച്ച് കളിക്കുന്നത് എന്നുമായിരുന്നു താന്‍ പറഞ്ഞതെന്ന് ഡൂള്‍ പറഞ്ഞു.
വിരാട് കോലിയെക്കുറിച്ച് അതിന് മുമ്പും ശേഷവും ഒരു ആയിരം നല്ല കാര്യങ്ങള്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ ഞാന്‍ വിമര്‍ശിച്ച് പറഞ്ഞ ഒരു കാര്യം മാത്രമാണ് ചിലര്‍ കണ്ടത്. അതിനുശേഷമാണ് തനിക്ക് വധഭീഷണി ലഭിച്ചതെന്ന് ഡൂള്‍ ദിനേശ് കാര്‍ത്തിക്കുമായുള്ള സംഭാഷണത്തില്‍ പറഞ്ഞു. വധഭീഷണി നടത്തിയ ആരാധകന്റെ പ്രവര്‍ത്തിയ കാര്‍ത്തിക് അപലപിച്ചു. ക്രിയാത്മക വിമര്‍ശനവും വ്യക്തിഗത ആരോപണവും രണ്ടും രണ്ടാണെന്ന് ആരാധകര്‍ തിരിച്ചറിയണമെന്നും കാര്‍ത്തിക് പറഞ്ഞു. ഇന്ത്യയില്‍ നമ്മള് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണത്. കളിയുടെ സാങ്കേതികത്വത്തെക്കുറിച്ച് പറയുന്നതും വ്യക്തിപരമായ വിമര്‍ശനവും ആരാധകര്‍ പലപ്പോഴും തിരിച്ചറിയാറില്ലെന്നും കാര്‍ത്തിക് പറഞ്ഞു.
മുമ്പ് ബാബര്‍ അസമിനെയും മോശം സ്ട്രൈക്ക് റേറ്റിന്റെ പേരില്‍ താൻ വിമര്‍ശിച്ചിട്ടുണ്ടെന്നും എങ്കിലും കോലിയും ബാബറുമായും തനിക്ക് നല്ല ബന്ധമാണുള്ളതെന്നും ഡൂള്‍ പറഞ്ഞു. കളിക്കു മുമ്പും ടോസ് സമയത്തും കളിക്കുശേഷവുമെല്ലാം ഞാനിവരോട് സംസാരിക്കാറുണ്ട്. ഞങ്ങള്‍ തമ്മില്‍ വ്യക്തിപരമായി പ്രശ്നങ്ങളൊന്നുമില്ല. ബാബറിനെ കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹവും പറഞ്ഞത് തന്റെ കോച്ചും ഇത് തന്നെയാണ് പറയാറുള്ളത് എന്നായിരുന്നുവെന്നും ഡൂള്‍ കാര്‍ത്തിക്കിനോട് പറഞ്ഞു.
Last Updated May 30, 2024, 9:37 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]