
പ്രഭാത വാർത്തകൾ
2024 | മെയ് 30 | വ്യാഴം | ഇടവം 16
റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത് 1982-ല്‍ പുറത്തിറങ്ങിയ ‘ഗാന്ധി’ എന്ന സിനിമ ഇറങ്ങുന്നതുവരെ മഹാത്മാഗാന്ധിയെ കുറിച്ച് ലോകത്തിന് അറിയില്ലായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാത്മാഗാന്ധി ഒരു മഹാത്മാവായിരുന്നുവെന്നും അദ്ദേഹത്തെ കുറിച്ച് ലോകത്തെ അറിയിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമായിരുന്നില്ലേയെന്നും ചോദിച്ച മോദി മഹാത്മാഗാന്ധിയെ കുറിച്ച് ആദ്യമായി ലോകത്തിന് ആകാംക്ഷയുണ്ടായത് ‘ഗാന്ധി’ എന്ന സിനിമ പുറത്തിറങ്ങിയപ്പോഴാണെന്നും അത് നമ്മളല്ല ചെയ്തതെന്നും പറഞ്ഞു. മാര്ട്ടിന് ലൂഥര്‍ കിങ്ങിനേക്കാളും നെല്‍സണ്‍ മണ്ടേലയേക്കാളും ഒട്ടും ചെറുതല്ല മഹാത്മാഗാന്ധിയെന്നും ഇത് നിങ്ങള്‍ അംഗീകരിച്ചേ മതിയാകൂവെന്നും ലോകമാകെ സഞ്ചരിച്ചതിനുശേഷമാണ് ഞാനിത് പറയുന്നതെന്നും എ.ബി.പി. ന്യൂസിന് നല്കിയ അഭിമുഖത്തില്‍ മോദി പറഞ്ഞു.
ഗാന്ധി സിനിമ ഇറങ്ങുന്നതുവരെ മഹാത്മാഗാന്ധിയെ കുറിച്ച് ലോകത്തിന് അറിയില്ലായിരുന്നുവെന്ന മോദിയുടെ പരാമര്‍ശനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. അന്ധകാരത്തിനെതിരെ പോരാടാന്‍ ലോകത്തിന് മുഴുവന്‍ ശക്തി നല്കിയ സൂര്യനാണ് മഹാത്മാഗാന്ധിയെന്നും അനീതിക്കെതിരെ നിലകൊള്ളാന്‍ ഏറ്റവും ദുര്‍ബലനായ വ്യക്തിക്ക് പോലും ധൈര്യം നല്കുന്ന സത്യത്തിന്റെയും അഹിംസയുടെയും രൂപത്തില്‍ ബാപ്പു ലോകത്തിന് ഒരു പാത കാണിച്ചുകൊടുത്തുവെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്നാല്‍ ‘ശാഖകളില്‍’ ലോകവീക്ഷണം നേടുന്നവര്‍ക്ക് ഗാന്ധിജിയെ മനസ്സിലാക്കാന്‍ കഴിയില്ലെന്നും അവര്‍ ഗോഡ്സെയെ മനസ്സിലാക്കുകയും ഗോഡ്സെയുടെ പാത പിന്തുടരുമെന്നും അദ്ദേഹത്തിന് ഒരിക്കലും ‘ശാഖ നല്കുന്ന’ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും രാഹുല്‍ പറഞ്ഞു. മാര്ട്ടിന് ലൂഥര്‍ കിങ്ങും നെല്‍സണ്‍ മണ്ടേലയും ഐന്‍സ്റ്റീനും മഹാത്മജിയുടെ ജീവിതത്തില്‍ പ്രചോദനം ഉള്ക്കൊണ്ടവരായിരുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ആര്.എസ്.എസ്. പ്രവര്‍ത്തകര്‍ക്ക് മഹാത്മാഗാന്ധിയുടെ ദേശീയത അറിയില്ലെന്നും അവരുടെ പ്രത്യയശാസ്ത്രം സൃഷ്ടിച്ച അന്തരീക്ഷമാണ് നാഥുറാം വിനായക് ഗോഡ്സേയെ കൊണ്ട് മഹാത്മാഗാന്ധിയെ കൊല്ലിച്ചതെന്നും മഹാത്മാ ഗാന്ധിയുടെ പൈതൃകം നശിപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് എക്സില്‍ കുറിച്ചു. ഗാന്ധിജിയുടെ പാരമ്പര്യം ആരെങ്കിലും തകര്‍ത്തിട്ടുണ്ടെങ്കില്‍ അത് സ്ഥാനമൊഴിയാന്‍ പോകുന്ന പ്രധാനമന്ത്രിയാണെന്നും അദ്ദേഹത്തിന്റെ സര്‍ക്കാരാണ് വാരാണസിയിലും ഡല്‍ഹിയിലും അഹമ്മദാബാദിലുമുള്ള ഗാന്ധിയന്‍ സ്ഥാപനങ്ങള്‍ നശിപ്പിച്ചതെന്നും ജയ്റാം രമേശ് കുറിച്ചു.
1982 ന് മുമ്പ് ലോകം ഗാന്ധിജിയെ അറിഞ്ഞിരുന്നില്ലേ? ടൈം മാഗസിന് 1930 ല്‍ മാന്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുത്ത ഗാന്ധിജിയായിരുന്നു അവരുടെ 1931 ജനുവരി 5 ലക്കത്തിന്റെ കവര്‍ചിത്രം. 1969 ല്‍ ഗാന്ധിജിയുടെ ജന്മശതാബ്ദിയായപ്പോഴേക്കും നാല്പതോളം രാജ്യങ്ങള്‍ അദ്ദേഹത്തെ ആദരിച്ച് സ്റ്റാംപ് പുറത്തിറക്കിയിരുന്നു. ലോക്സഭാ ലൈബ്രറിയില്‍ അദ്ദേഹത്തെക്കുറിച്ച് വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിച്ച രണ്ടായിരത്തിലേറെ പുസ്തകങ്ങളുണ്ട്. 1930ലെ ദണ്ഡിയാത്രയോടെ തന്നെ ലോകപ്രശസ്തിയിലേക്ക് ഉയര്‍ന്ന ഗാന്ധിജിയെ കാണാന്‍ ലണ്ടനിലും മറ്റും ജനക്കൂട്ടം ഒഴുകിയെത്തി. ലോകത്തിലെ പ്രശസ്തമായ മിക്ക മാധ്യമങ്ങളും അദ്ദേഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രത്യേക ലേഖകരെ ചുമതലപ്പെടുത്തിയിരുന്നു.
പേമാരിയില്‍ മുങ്ങി സംസ്ഥാനം. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വെള്ളമുയര്‍ന്നതോടെ ജനം തീരാദുരിതത്തിലായി. തിരുവനന്തപുരം ജില്ലയില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ചൊവ്വാഴ്ചയുണ്ടായ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് വലിയ വെള്ളപ്പൊക്കമുണ്ടായ കൊച്ചിയില്‍ ഇന്നലെയും കനത്ത മഴയായിരുന്നു. കഴിഞ്ഞ ദിവസത്തെ മഴയില്‍ വെള്ളം കയറിയ തൃശൂരിലെ അശ്വനി ആശുപത്രിയിലേക്ക് ഇന്നലെ പെയ്ത ശക്തമായ മഴമൂലം വീണ്ടും വെള്ളം കയറി.
തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ ഇന്നെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 31-ന് എത്തിച്ചേരുമെന്നാണ് നേരത്തേ പ്രവചിച്ചിരുന്നത്. തീരദേശത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റ് നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത ഒരാഴ്ച മഴയ്ക്കും വ്യാപകമായ ഇടി മിന്നലിനും കാറ്റിനും സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ജൂണ്‍ 2 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ വെള്ളക്കെട്ടും ഗതാഗത തടസ്സവും ജനജീവിതം സ്തംഭിപ്പിച്ചു. തിരുവനന്തപുരത്തും കൊച്ചിയിലും കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കൊച്ചി കളമശ്ശേരിയില്‍ നിന്ന് ഫയര്‍ഫോഴ്സിന്റെ ഡിങ്കി ബോട്ടുകളില്‍ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. തീരമേഖലകളിലും ഇടനാടുകളിലും കൂടുതല്‍ മഴക്ക് സാധ്യതയുണ്ടെന്നും മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നുമാണ് മുന്നറിയിപ്പ്.
അതി തീവ്രമഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് സംസ്ഥാന തലത്തിലും അംഗന്‍വാടി തലത്തിലും നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രവേശനോത്സവം മാറ്റി. കുട്ടികള്‍ അംഗന്‍വാടിയില്‍ വരേണ്ട പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും വനിതാ ശിശുക്ഷേമ വകുപ്പ് അറിയിച്ചു. വേനലവധി കഴിഞ്ഞ് കുട്ടികള്‍ അംഗന്‍വാടിയിലും സ്കൂളിലുമടക്കം പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് മഴ ശക്തമായി തുടരുന്നത്.
അധികൃതര്‍ക്കും, പൊതുജനങ്ങള്‍ക്കുമെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. കൊച്ചിയിലെ വെള്ളക്കെട്ടിനേതുടര്‍ന്ന്, മഴ വന്ന് ഉച്ചിയില്‍ നില്‍ക്കുമ്പോഴാണോ കാര്യങ്ങള്‍ ചെയ്യുന്നത് എന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചോദിച്ചു. വെള്ളക്കെട്ടിന്റെ കാര്യത്തില്‍ ജനങ്ങളെയും കുറ്റപറയണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കാനകളില്‍ നിന്ന് നീക്കം ചെയ്യുന്നത്. ഇന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്താല്‍ നാളെ വീണ്ടും വരുമെന്നതാണ് അവസ്ഥ. ജനങ്ങള്‍ ഇത് പോലെ ചെയ്താല്‍ എന്ത് ചെയ്യുമെന്നും ഹൈക്കോടതി ചോദിച്ചു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കണ്‍സള്‍ട്ടന്‍സി പേരില്‍ വന്‍തോതില്‍ അഴിമതി നടന്നു എന്ന പ്രതിപക്ഷ ആരോപണം ശരി വയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങളെന്ന് രമേശ് ചെന്നിത്തല. 2016-19 കാലഘട്ടത്തില്‍ അബുദാബിയിലെ ഒരു ബാങ്ക് അക്കൗണ്ടിലേക്ക് പിഡബ്ല്യുസി, എസ്.എന്‍സി ലാവ്ലിന് തുടങ്ങിയ കമ്പനികള്‍ വന്‍തോതില്‍ പണം നിക്ഷേപിച്ചു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.എഫ്.ഐ.ഒ അന്വേഷണം നടത്തുന്നു എന്നാണ് പുറത്തു വന്നിട്ടുള്ള വിവരം.സത്യസന്ധമായി അന്വേഷിച്ചാല്‍ എല്ലാ വിവരങ്ങളും പുറത്ത് വരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
പൊലീസ് സ്റ്റേഷനെ ടെറര്‍ സ്ഥലമാക്കേണ്ട കാര്യമില്ലെന്ന് കോടതി. ആലത്തൂരില്‍ അഭിഭാഷകനോട് പൊലീസ് ഉദ്യോഗസ്ഥന് മോശമായി പെരുമാറിയ സംഭവത്തില്‍ പൊലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി. മോശം വാക്കുകള്‍ ഉപയോഗിച്ചാല്‍ ജനങ്ങളെ നിയന്ത്രിക്കാന്‍ കഴിയും എന്ന് ആരാണ് പൊലീസിനോട് പറഞ്ഞത്. അധികാരമില്ലാത്ത ജനങ്ങളോട് ഇത്തരം കാര്യങ്ങള്‍ ആവാം എന്ന് കരുതരുതെന്നും കോടതി പറഞ്ഞു. പൊലീസ് നടപടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് എങ്ങനെ ജോലി തടസ്സപ്പെടുത്തല്‍ ആകുമെന്നും കോടതി ചോദിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]