
നീണ്ട വോയിസ് നോട്ടുകൾ ഇനി വാട്സ്ആപ്പില്‍ സ്റ്റാറ്റസുകളാക്കാം. കഴിഞ്ഞ ദിവസമാണ് വാട്സ്ആപ്പ് പുതിയ ഫീച്ചർ അവതരിപ്പിച്ചത്. വാബെറ്റ്ഇൻഫോയുടെ റിപ്പോർട്ടിലാണ് ഇതെക്കുറിച്ച് പറയുന്നത്. ആൻഡ്രോയിഡിലേയും ഐഒഎസിലേയും സ്റ്റാറ്റസ് ഫീച്ചർ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ അപ്ഡേഷന്. ഇപ്പോള്‍ വാട്സ്ആപ്പിൽ ഒരു മിനിറ്റ് വരെയുള്ള വീഡിയോ സ്റ്റാറ്റസുകൾ അപ്ലോഡ് ചെയ്യാനാകും. പുതിയ വേർഷൻ അപ്ഡേറ്റ് ചെയ്താൽ കൂടുതൽ ദൈർഘ്യമുള്ള ഓഡിയോയും സ്റ്റാറ്റസാക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സാധാരണ ഓഡിയോ മെസേജുകൾക്ക് സമാനമാണിത്. ഓഡിയോ ഒഴിവാക്കുന്നതിനായി സ്ലൈഡ് ചെയ്താൽ മതിയാകും. പുതിയ ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കും ആദ്യ ഘട്ടത്തിൽ ലഭിക്കില്ലെന്നാണ് റിപ്പോർട്ട്. വരും ദിവസങ്ങളിലായിരിക്കും കൂടുതൽ ഉപയോക്താക്കളിലേക്ക് ഫീച്ചർ എത്തുക.
അടുത്തിടെയായി നിരവധി അപ്ഡേറ്റുകൾ വാട്സ്ആപ്പ് അവതരിപ്പിക്കുന്നുണ്ട്. മെസേജ് അയയ്ക്കുന്നതിനൊപ്പം വീഡിയോ – ഓഡിയോ കോളുകൾക്ക് വേണ്ടിയും ലക്ഷക്കണക്കിനാളുകൾ വാട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഇവർക്കുവേണ്ടി വാട്സ്ആപ്പ് ഓഡിയോ കോൾ ബാർ ഫീച്ചർ അവതരിപ്പിച്ചിരുന്നു. ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് നേരത്തെ തന്നെ ഈ ഫീച്ചർ ലഭ്യമായി തുടങ്ങിയിരുന്നു. ഇപ്പോഴിത് ഐഒഎസിലും അവതരിപ്പിച്ചിട്ടുണ്ട്.
ഓഡിയോ കോൾ വിൻഡോ മിനിമൈസ് ചെയ്യുമ്പോൾ ചാറ്റ് ലിസ്റ്റിന് മുകളിലായാണ് പുതിയ ഓഡിയോ കോൾ ബാറുള്ളത്. പുതിയ അപ്ഡേഷനിലൂടെ മെയിൻ സ്ക്രീനിലേക്ക് പോവാതെ തന്നെ കോളുകൾ മ്യൂട്ട് ചെയ്യാനും കട്ട് ചെയ്യാനും സാധിക്കും. ആൻഡ്രോയിഡിലും വാട്സ്ആപ്പ് ഐഒഎസ് ബീറ്റാ ഉപഭോക്താക്കൾക്കും മാത്രമാണ് ഈ ഫീച്ചർ ലഭ്യമായിട്ടുള്ളത്. ആപ്പിന്റെ ഐഒഎസ് സ്റ്റേബിൾ വേർഷനിലും ഈ ഫീച്ചർ എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അടുത്തിടെയായി വാട്സ്ആപ്പ് നിരവധി ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ആപ്പ് ഡയലർ ഫീച്ചറാണ് അതിലൊന്ന്. വാട്സ്ആപ്പിനുള്ളില്‍ തന്നെ നമ്പറുകൾ അടിച്ച് കോൾ ചെയ്യാനുള്ള ഡയലർ ഓപ്ഷനാണിത്. ഈ ഫീച്ചർ വരുന്നതോടെ നമ്പറുകൾ സേവ് ചെയ്യാതെ തന്നെ കോൾ ചെയ്യാനാകും. ഗൂഗിൾ ഡയലറിനും ട്രൂകോളറിനും വെല്ലുവിളി ഉയർത്തുന്നതായിരിക്കും വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ.
Last Updated May 29, 2024, 6:18 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]