
കലൂർ സ്റ്റേഡിയത്തിന് സമീപമുള്ള ഫ്ലാറ്റ് സമുച്ചയം പൊളിച്ചുനീക്കണമെന്ന ഉത്തരവിട്ട കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയതായി അന്വേഷണ റിപ്പോർട്ട്. തെറ്റ് മനസ്സിലായിട്ടും തിരുത്തിയില്ലെന്നും കണ്ടെത്തൽ. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന് സമീപമുള്ള റീഗൽ ഫ്ലാറ്റ് സമുച്ചയം പൊളിച്ചുമാറ്റാൻ കൊച്ചി കോർപറേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ഉത്തരവിട്ടിരുന്നു. ഉത്തരവിനെതിരെ ഫ്ലാറ്റുടമ നൽകിയ പരാതിയിൽ തദ്ദേശ സ്വയം ഭരണവകുപ്പ് ഡപ്യൂട്ടി ഡയറക്ടർ കെ ജെ ജോയി നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥയും വീഴ്ചയും കണ്ടെത്തിയത്.(Deputy Director to withdraw order in flat demolition near Kaloor Stadium)
ഫ്ലാറ്റ്സമുച്ചയം പൊളിച്ച് മാറ്റാനുള്ള താല്കാലിക ഉത്തരവ് കൊച്ചി കോർപറേഷൻ ഇടപ്പള്ളി ക്യാലയത്തിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ പുറപ്പെടുവിച്ചത് ഡിസംബർ അവസാനമാണ്. ഈ ഉത്തരവിന്റെ ബലത്തിൽ ജനുവരിയിൽ ഫ്ലാറ്റിന് സമീപത്തെ സ്ഥലം ഉടമ കെ പി മുജീബും സംഘവും ചേർന്ന് ഫ്ലാറ്റിലേയ്ക്കുള്ള റോഡ് പൊളിച്ചു. ഇതിനെതിരെ ജി സി ഡി എ രംഗത്തുവന്നു. മുജീബിനെതിരെ ഭൂമി കയ്യേറ്റത്തിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പാലാരിവട്ടം പോലീസിൽ പരാതി നൽകി. സഞ്ചാരമാർഗം തടസപ്പെടുത്തിയതിനെതിരെ ഫ്ലാറ്റ് ഉടമകളും പരാതി നൽകിയെങ്കിലും നടപടികളൊന്നും ഉണ്ടായില്ല. റീഗൽ റിട്രീറ്റ്, റീഗൽ റോയൽ എന്നീ രണ്ട് അപ്പാർട്ട്മെന്റുകളിലായി നാല്പത്തിയേഴ് കുടുബങ്ങളുടെയും ഫ്ലാറ്റിന് പിന്നിലുള്ള പ്രദേശവാസികളുടെയും ഗതാഗതമാർഗം ഈ ലിങ്ക് റോഡാണ്. ഇങ്ങനെയൊരു വഴി ഇല്ലെന്നും ഫ്ലാറ്റുടമകൾ കോർപറേഷനെ തെറ്റിദ്ധരിപ്പിച്ച് പെർമിറ്റ് സ്വന്തമാക്കുകയായിരുന്നുവെന്നുമാണ് കോർപറേഷന്റെ കണ്ടെത്തൽ. അതിന്റെ അടിസ്ഥാനത്തിലാണ് ഫ്ലാറ്റ് പൊളിച്ചുനീക്കാൻ ഉത്തരവിറക്കിയത്. എന്നാൽ കെ പി മുജീബ് എന്നയാൾ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ സമർപ്പിച്ച ഒരു പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമികമായ രേഖകളുടെയോ തെളിവുകളുടെയോ പരിശോധനയില്ലാതെയാണ് കൊച്ചി കോർപ്പറേഷൻ ഇടപ്പള്ളി കാര്യാലയത്തിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറും ഉദ്യോഗസ്ഥനുംചേർന്ന് ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള താൽക്കാലിക ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് തദ്ദേശ സ്വയം ഭരണവകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നത്.
Read Also:
പരാതിക്കാരനായ കെ പി മുജീബ് ഏഴ് മീറ്റർ റോഡിന് മേൽ അവകാശവാദം ഉന്നയിച്ചുകൊണ്ട് റോഡിന്റെ മൂന്നിൽ ഒരു ഭാഗം കുത്തിപ്പൊളിച്ച് നശിപ്പിച്ചു എന്നും ഇങ്ങനെ റോഡ് നശിപ്പിക്കാൻ അവസരം ഒരുക്കിയത് ഫ്ലാറ്റ് പൊളിക്കണമെന്ന താല്ക്കാലിക ഉത്തരവാണെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. രേഖകൾപ്രകാരം ഈ ഏഴ് മീറ്റർ ലിങ്ക്റോഡ് ജി സി ഡി എയുടെ ഉടമസ്ഥതയിലുള്ളതാണ്. ഉത്തരവ് ഇറക്കുന്നതിന് മുമ്പ് ജി സി ഡി എയോട് വിവിരം തേടാതിരുന്നത് ഗുരുതര വീഴ്ചയാണ്. ഈ ഏഴ് മീറ്റർ റോഡിന്റെ ഉടമസ്ഥാവകാശം പരാതിക്കാരനായ കെ പി മുജീബിനാണെന്ന് ഉത്തരവിൽ എഴുതിയത് റവന്യു രേഖകൾ പരിശോധിക്കാതെയാണ്. ഇതിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർക്കും ബിൽഡിംഗ് ഇൻസ്പെക്ടർക്കും തെറ്റ് സംഭവിച്ചു. തെറ്റ് മനസ്സിലാക്കി ഈ ഉത്തരവ് പിൻവലിക്കാൻ ശുപാർശയുണ്ടായിരുന്നിട്ടും നിയമോപദേശത്തിന് അയക്കാവുന്നതാണ് എന്നുമാത്രം ഫയലിൽ കുറിപ്പെഴുതിയ കോർപ്പറേഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർക്കും സൂപ്രണ്ടിംഗ് എഞ്ചിനീയർക്കും അഡീഷണൽ സെക്രട്ടറിക്കും വീഴ്ചയുണ്ടായിട്ടുണ്ടെന്നും ഡപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.
ഫ്ലാറ്റ് പൊളിക്കാൻ കോർപറേഷൻ നൽകിയ താല്ക്കാലിക ഉത്തരവ് അടിയന്തിരമായി പിൻവലിക്കാൻ കൊച്ചി നഗരസഭാ സെക്രട്ടറിയോട് ആവശ്യപ്പെടുന്ന റിപ്പോർട്ട് ജി സി ഡി എയുടെ വക റോഡ് കുത്തിപ്പൊളിച്ച കെ പി മൂജീബിന്റെ ചെലവിൽ റോഡ് പുനർനിർമ്മിക്കാൻ ജി സി ഡി എ സെക്രട്ടറിക്ക് നിർദ്ദേശം നൽകണമെന്നും ശുപാർശചെയ്യുന്നു.
Story Highlights : Deputy Director to withdraw order in flat demolition near Kaloor Stadium
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]