
കൊച്ചി: മലയാള ചലച്ചിത്ര സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്. യുവ നടിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തതെന്ന് നടിയുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നെടുമ്പാശ്ശേരി പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി.
കൊച്ചിയിൽ സ്ഥിര താമസമാക്കിയ യുവ നടിയാണ് സംവിധായകൻ ഒമർ ലുലുവിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. കൊച്ചി സിറ്റി പൊലീസിന് നൽകിയ പരാതി പിന്നീട് നെടുമ്പാശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ഒമർ ലുലു സനിമയിൽ അവസരം നൽകാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളിൽ വെച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്.
ഒമർ ലുലുവിന്റെ മുൻ സിനിമയിലും പരാതിക്കാരി അഭിനയിച്ചിരുന്നു. അതേസമയം നടിയുമായി തനിക്ക് അടുത്ത സൗഹൃദം ഉണ്ടായിരുന്നതായി ഒമർ ലുലു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യുവതിയുമായി വിവിധ സ്ഥലങ്ങളിൽ യാത്ര നടത്തിയിട്ടുണ്ട്. എന്നാൽ സൗഹൃദം ഉപേക്ഷിച്ചതോടെ തന്നോട്ട് വ്യക്തിവിരോധം ആയെന്നും ഇതാണ് പരാതിക്ക് പിറകിലെന്ന് സംശയിക്കുന്നതായും ഒമർ ലുലു പറഞ്ഞു. പരാതിക്കാരിക്ക് പിന്നിൽ ബ്ലാക്മെയിലിംഗ് സംഘം ഉണ്ടോ എന്ന സംശയമുണ്ടെന്നും സംവിധായകൻ പറയുന്നു. പരാതിയിൽ നെടുമ്പാശ്ശേരി പോലീസ് ഉടൻ ഒമർ ലുലുവിനെ ചോദ്യം ചെയ്യും.
2016ല്‍ റിലീസ് ചെയ്ത ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയാണ് ഒമര്‍ ലുലു സിനിമാ സംവിധാനത്തിലേക്ക് എത്തുന്നത്. ശേഷം ഹണി റോസ്, ബാലു വര്‍ഗീസ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചങ്ക്സ് റിലീസ് ചെയ്തു. എന്നാല്‍ മൂന്നാം ചിത്രമായ ഒരു അഡാർ ലവ് ഒമറിനെ ഇന്ത്യയ്ക്ക് അകത്തും പുറത്തും ശ്രദ്ധേയനാക്കി മാറ്റിയിരുന്നു. ധമാക്ക ആയിരുന്നു നാലാമത്തെ സിനിമ. അഞ്ചാമത്തെ ചിത്രമായ നല്ല സമയം റിലീസ് വേളയിൽ ഏറെ വിവാദങ്ങൾ നേരിട്ടിരുന്നു. സിനിമയിലൂടെ എം.ഡി.എം.എയുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചതിന് കോഴിക്കോട് എക്സൈസ് കേസെടുത്തിരുന്നു. തുടർന്ന് റിലീസ് ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം തിയേറ്ററുകളിൽ നിന്നും സിനിമ പിൻവലിക്കുകയും ചെയ്തിരുന്നു.
Last Updated May 28, 2024, 7:10 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]