
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ ജീർണ്ണോദ്ധാരണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ തീരുമാനം. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോർഡ് ഭാരവാഹികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഈ തീരുമാനം. ജീർണ്ണോദ്ധാരണ പ്രവർത്തനങ്ങൾക്കായി കൂടുതൽ തുക വിനിയോഗിക്കുമെന്ന് ഗുരുവായൂർ ദേവസ്വം യോഗത്തിൽ വ്യക്തമാക്കി.
ഭരണനിർവഹണം കാര്യക്ഷമമാക്കി ക്ഷേത്രങ്ങളുടെ വരുമാനം വർധിപ്പിക്കണമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ നിർദേശിച്ചു. വിവിധ ദേവസ്വങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കും. കോടതിയിൽ നിലവിലുള്ള കേസുകൾ തീർപ്പാക്കുന്നതിന് പ്രത്യേക പരിഗണന നൽകും. ക്ഷേത്ര പരിസരങ്ങളും കാവും കുളങ്ങളും ശുചിയാക്കി പൂച്ചെടികളും വൃക്ഷങ്ങളും വെച്ചുപിടിപ്പിക്കുന്ന ‘ദേവാങ്കണം ചാരു ഹരിതം ‘ പദ്ധതി കൂടുതൽ വ്യാപിപ്പിക്കാനും തീരുമാനമായി. ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിനകം ഈ പ്രവൃത്തികൾ പൂർത്തീകരിക്കണം.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. പി എസ് പ്രശാന്ത്, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ പ്രഫ. വി കെ വിജയൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഡോ. എം കെ സുദർശനൻ, മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എം ആർ മുരളി, ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് ചെയർമാൻ അഡ്വ. കെ ബി മോഹൻദാസ്, കൂടൽ മാണിക്യം ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ . സി കെ ഗോപി, ഗുരുവായൂർ ദേവസ്വം കമീഷണർ ബിജു പ്രഭാകർ, ദേവസ്വം സെക്രട്ടറി എം ജി രാജമാണിക്യം തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Last Updated May 28, 2024, 8:57 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]