

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴ. കനത്ത മഴയിൽ എറണാകുളം നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളക്കെട്ട് ഉണ്ടായതിനെ തുടർന്ന് ഗതാഗതക്കുരുക്ക് രൂക്ഷമായി. കടകളിലേക്കും വെള്ളം കയറി. മഴക്കെടുതിയിൽ ഇന്ന് 3 മരണം ആണ് റിപ്പോർട്ട് ചെയ്തത്. വർക്കല ക്ലിഫ് ഇടിഞ്ഞു. ഒന്നര മണിക്കൂറിൽ കൊച്ചിയിൽ പെയ്തത് 98 മില്ലി മീറ്റർ മഴയാണ്.
ഇന്ന് രാവിലെ ഏഴ് മണി മുതലാണ് എറണാകുളത്ത് ശക്തമായ മഴ തുടങ്ങിയത്. മഴയ്ക്ക് കാരണം മേഘവിസ്ഫോടനമെന്നാണ് കുസാറ്റ് ശാസ്ത്രജ്ഞർ പറയുന്നത്. ഇടപ്പള്ളി മരോട്ടിച്ചുവടിൽ വീടുകളിലും റോഡിലും വെള്ളം കയറി. മഴയ്ക്കൊപ്പം വീശിയ ശക്തമായ കാറ്റിൽ ഫോർട്ട് കൊച്ചിയിൽ കെഎസ്ആർടിസി ബസിന് മുകളിൽ മരംവീണു. ആർക്കും പരിക്കില്ല. ചേർത്തല റെയിൽവേ സ്റ്റേഷന് സമീപം ദേശീയ പാതയിൽ മരം വീണത് ഗതാഗത തടസ്സത്തിന് ഇടയാക്കി.
തിരുവന്തപുരം, കാെല്ലം എന്നീ ജില്ലകളിൽ കനത്ത മഴയാണ് പെയ്യുന്നത്. തിരുവനന്തപുരം നെയ്യാൻ കരയിൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ ഒരു ഭാഗം നെയ്യാറിലേക്ക് ഇടിഞ്ഞുവീണു. കൊല്ലത്ത് മരുത്തടി, ശക്തികുളങ്ങര, മാങ്ങാട് പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറി. എം സി റോഡിൽ നിലമേൽ, വാളകം എന്നിവിടങ്ങളിലും ദേശീയപാതയിൽ കൊട്ടിയം, ചാത്തനൂർ മേഖലകളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു.
കൊല്ലം, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും (64.5-115.5 mm) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.