

കൊടുവള്ളി: കൊടുവള്ളിയിൽ റോഡിലെ ഓവുചാലിൽ ജൽജീവൻ പൈപ്പുകൾ ഇറക്കിയിട്ടത് ജനങ്ങൾക്ക് ദുരിതമാവുന്നു. കൊടുവള്ളി- ചുണ്ടപ്പുറം- എൻ.ഐ.ടി. റോഡിലാണ് ജൽജീവൻ പദ്ധതിക്കായി വലിയ പൈപ്പുകൾ ഓവുചാലിൽ ഇറക്കിയിട്ടത് കാരണം കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ദുരിതമാവുന്നത്. ഇതുമൂലം മഴപെയ്യുമ്പോൾ ഓവുചാലിലൂടെ ഒഴുകേണ്ട വെള്ളം റോഡിലൂടെയാണ് പരന്നൊഴുകുന്നത്. മഴക്കാലം ശക്തമാകുന്നതോടെ സ്ഥിതി കൂടുതൽ രൂക്ഷമാകാനാണ് സാധ്യത.
കൊടുവള്ളി- ചുണ്ടപ്പുറം- എൻ.ഐ.ടി റോഡിൽ കൊടുവള്ളി മുതൽ പാമ്പങ്ങൽ വരെയുള്ള ഓവുചാലിലാണ് കരാറുകാർ പൈപ്പ് ഇറക്കിയിട്ടത്. ഒരാഴ്ചകൊണ്ട് പണി പൂർത്തിയാക്കി പൈപ്പുകൾ മണ്ണിനടിയിലാക്കുമെന്നായിരുന്നു കരാറുകാർ പറഞ്ഞിരുന്നത്. എന്നാൽ, ഒരു പൈപ്പ് മാത്രമാണ് റോഡ് കീറി മണ്ണിനടിയിലാക്കിയത്. പൈപ്പ് ഇറക്കിയിട്ടിട്ട് മൂന്നുമാസം കഴിഞ്ഞെങ്കിലും പിന്നീട് യാതൊരു പ്രവൃത്തിയും നടത്തിയിട്ടില്ല. ഓവുചാലിൽ പൈപ്പ് ഇറക്കിയിട്ടതിനാൽ വേനൽമഴയിൽ ചെളിയും മാലിന്യങ്ങളും ഒഴുകിവന്ന് ഓവുചാൽ നിറഞ്ഞിരിക്കുകയാണ്. ഓവുചാലിൽ മഴക്കാലപൂർവ ശുചീകരണ പ്രവൃത്തികൾ നടത്താനും കഴിഞ്ഞിട്ടില്ല.