

ജഡ്ജി യുടെ വളർത്തുനായയെ കാണാതായതിൽ അയൽക്കാരായ 14 പേർക്കെതിരെ പൊലീസിൽ പരാതി.ഉത്തർപ്രദേശിലെ ബറേലിയിൽ ഒരു സിവിൽ ജഡ്ജിയുടെ കുടുംബമാണ് വളർത്തുനായയുടെ തിരോധാനത്തിൽ അയൽക്കാർക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ബറേലി സൺസിറ്റി കോളനി സ്വദേശിയായ ഡംപി അഹമ്മദിനും കുടുംബാംഗങ്ങൾക്കുമെതിരെയാണ് ജഡ്ജി കുടുംബത്തിന്റെ പരാതി.
മെയ് 16നാണ് സംഭവങ്ങളുടെ തുടക്കം. ജഡ്ജിയുടെ 4മാസം പ്രായമായ വളർത്തു നായ തന്റെ ഭാര്യയെ കടിച്ചു എന്നാരോപിച്ച് ഡംപി അഹമ്മദ് ഇദ്ദേഹത്തിന്റെ വീട്ടിൽ പരാതിയുമായി ചെന്നിരുന്നു. ഇത് വലിയ വഴക്കിന് വഴിവച്ചു. ഡംപി തന്നെയും മകളെയും അസഭ്യം പറയുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തുവെന്നാണ് ജഡ്ജിയുടെ ഭാര്യ പറയുന്നത്. തന്റെ എതിർപ്പുകൾ വകവയ്ക്കാതെ നായയെ ഇയാൾ ബലമായി തട്ടിയെടുത്തുവെന്നും പിന്നീട് നായയെ കണ്ടിട്ടില്ലെന്നും ഇവർ പറഞ്ഞു . വഴക്ക് നടന്നയുടൻ തന്റെ കൂട്ടാളികളെയും വിളിച്ച് ഡംപി അഹമ്മദ് സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞതായാണ് ഇവരുടെ വാദം.
സംഭവസമയം വീട്ടിലില്ലാതിരുന്ന ജഡ്ജ്, വിവരമറിഞ്ഞയുടൻ പൊലീസിനെ വിളിക്കുകയും പരാതി നൽകുകയുമായിരുന്നു. അനിമൽ ക്രുവൽറ്റി ആക്ട് പ്രകാരമാണ് ഡംപിക്കെതിരെ പൊലീസ്കേസെടുത്തിരിക്കുന്നത്.