

കോഴിക്കോട്: ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. കോഴിക്കോട് ആഴ്ചവട്ടം ദ്വാരകയിൽ ജയപ്രകാശിന്റെ മകൻ സഞ്ജയ് കൃഷ്ണ (14) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10.30 ഓടെയായിരുന്നു സംഭവം.
ആഴ്ചവട്ടം ശിവക്ഷേത്ര കുളത്തിൽ മറ്റുകുട്ടികൾക്കൊപ്പം കളിക്കാനിറങ്ങിയതായിരുന്നു സഞ്ജയ്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ബീച്ചിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.