

സംസ്ഥാനത്ത് മഴക്കെടുതിയില്‍ രണ്ടുമരണം. കാസര്‍കോട്ട് മിന്നലേറ്റ് ബെള്ളൂര്‍ സ്വദേശി ഗംഗാധരന് മരിച്ചു. ഇടിമിന്നലേറ്റത് ഇന്നലെ രാത്രി വീട്ടില്‍വച്ച്. എറണാകുളം പുതുവൈപ്പ് ബീച്ചില്‍ വെള്ളക്കെട്ടില്‍ വീണ് മല്‍സ്യത്തൊഴിലാളി മരിച്ചു. കൊടിക്കല്‍ സ്വദേശി ദിലീപിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ഈയാഴ്ച മരിച്ചത് മഴക്കെടുതിയില്‍ 13 പേരാണ്.
സംസ്ഥാനത്ത് ഇന്നും ഏഴു ജില്ലകളിൽ യെലോ അലർട്ട്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട എറണാകുളം കോഴിക്കോട് കണ്ണൂർ കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. അറബിക്കടലിലെ ന്യൂനമർദത്തിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. അതേസമയം ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തീവ്രമായി. ഇന്നത് ചുഴലിക്കാറ്റായി മാറി കൂടുതൽ ശക്തമാകും. ബംഗാൾ – ബംഗ്ളാദേശ് തീരത്തേക്കാണ് ഇത് നീങ്ങുന്നത്.
വൃഷ്ടി പ്രദേശങ്ങളിൽ മഴയുടെ ശക്തി കുറഞ്ഞതിനാൽ ഇടുക്കി കല്ലാർകുട്ടി പാംബ്ല ഡാമുകൾ തുറക്കില്ലെന്ന് കെ.എസ്.ഇ.ബി. ഇന്നലെ വൈകിട്ടോടെ മഴ കനത്തതിനാൽ ഡാമുകൾ തുറക്കാൻ ജില്ല കളക്ടർ നിർദേശം നൽകിയിരുന്നു. ജലനിരപ്പ് ക്രമികരിക്കാൻ ഉയർത്തിയ മലങ്കര ഡാമിന്റെ രണ്ട് ഷട്ടറുകൾ അടച്ചു. ജില്ലയിൽ ആശങ്കപ്പെടെണ്ട സാഹചര്യം ഇല്ലെന്ന് ജില്ല ഭരണകൂടം അറിയിച്ചു. കനത്ത മഴയിൽ കാക്കനാട് അത്താണിയിൽ വെള്ളക്കെട്ട്. റോഡിലെ വെള്ളക്കെട്ട് വീടുകളിലേക്കും കയറി. സ്ഥലത്തെ ഫ്ലാറ്റുകൾ അടക്കം വെള്ളക്കെട്ട് ഭീഷണിയിലാണ്.