
തിരുവനന്തപുരം: കൈക്കൂലി കേസില്‍ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. തിരുവനന്തപുരം നഗരസഭയുടെ തിരുവല്ലം സോണൽ ഓഫീസിലെ സീനിയര്‍ സെക്ഷൻ ക്ലർക്ക് അനിൽകുമാറിനെയാണ് വിജിലന്‍സ് പിടികൂടിയത്. ഇന്ന് വൈകിട്ട് തിരുവല്ലത്തെ സോണല്‍ ഓഫീസില്‍ വെച്ച് പരാതിക്കാരനില്‍ നിന്നും ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. കെട്ടിടം ക്രമവത്ക്കരിച്ച് നൽകുന്ന നടപടികൾ വേഗത്തിലാക്കുന്നതിനായാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
തിരുവല്ലം സോണൽ ഓഫീസ് പരിധിയിൽ ഉൾപെടുന്ന പുഞ്ചക്കരിയിൽ നിർമ്മിച്ച കെട്ടിടം ക്രമവത്ക്കരിച്ച് കെട്ടിട നമ്പർ നൽകുന്നതിനായി പരാതിക്കാരൻ തിരുവനന്തപുരം നഗരസഭ സെക്രട്ടറിയ്ക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. സെക്രട്ടറി തുടർ നടപടികൾക്കായി ഫയൽ തിരുവല്ലം സോണൽ ഓഫീസിൽ അയച്ച് നൽകി. ഫയലിൽ നടപടികൾ സ്വീകരിക്കുന്നതിൽ കാലതാമസം വന്നതിനെ തുടർന്ന് തിരുവല്ലം സോണൽ ഓഫീസിൽ എത്തിയ അപേക്ഷകനോട് സീനിയർ ക്ലർക്കായ അനിൽകുമാർ ഫയൽ നടപടികൾ വേഗത്തിലാക്കാൻ 1000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാരൻ ഈ വിവരം വിജിലൻസ് തെക്കൻ മേഖല പൊലീസ് സൂപ്രണ്ട് വി. അജയകുമാറിനെ അറിയിച്ചു.
തുടര്‍ന്ന് വിജിലൻസ് തിരുവനന്തപുരം യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം സ്ഥലത്ത് രഹസ്യമായി എത്തുകയായിരുന്നു.വിജിലന്‍സിന്റെ നിര്‍ദേശ പ്രകാരം ഇന്ന് വൈകിട്ട് പരാതിക്കാരൻ ഓഫീസിലെത്തി തുക കൈമാറുകയായിരുന്നു. ഇതിനിടെ സ്ഥലത്തുണ്ടായിരുന്ന വിജിലന്‍സ് സംഘം അനില്‍കുമാറിനെ കൈക്കൂലി പണം സഹിതം പിടികൂടുകയായിരുന്നു. വിഴിഞ്ഞം പൂവാർ സ്വദേശിയാണ് അനിൽകുമാർ. ജോലിയില്‍ നിന്ന് വിരമിക്കാൻ ആറ് ദിവസം ബാക്കിയുള്ളപ്പോഴാണ് വിജിലൻസിന്റെ അറസ്റ്റ്.
Last Updated May 24, 2024, 7:17 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]