
സാധാരണക്കാരന് വേണ്ടിയുള്ള ദീര്‍ഘദൂര ഗതാഗത സംവിധാനമായിരുന്നു ഇന്ത്യന്‍ റെയില്‍വെ. എന്നാല്‍ ഇന്ന് സാധാരണക്കാരില്‍ നിന്നും ഏറെ ദൂരെ കൂടിയാണ് ഇന്ത്യന്‍ റെയില്‍വെയുടെ സഞ്ചാരമെന്ന് സാമൂഹിക മാധ്യമ പോസ്റ്റുകള്‍ നിരന്തരം ഓര്‍മ്മിപ്പിക്കുന്നു. പ്രത്യേകിച്ചും രാത്രി യാത്രാ വണ്ടികള്‍ വലിയ സുരക്ഷയ്ക്ക് വലിയ ഭീഷണിയായി മാറിയെന്നാണ് പ്രധാന പരാതി. ടിക്കറ്റില്ലാത്ത യാത്രക്കാര്‍ രാത്രി വണ്ടികളിലെ റിസര്‍വേഷന്‍ കോച്ചുകളും എസി 2 ടയര്‍, 3 ടയര്‍ കോച്ചുകളും കൈയടക്കുന്നതിനാല്‍ റിസര്‍വേഷന്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് പ്രധാന പരാതി.
കഴിഞ്ഞ ദിവസം VeterinarianFun5337 എന്ന റെഡ്ഡിറ്റ് ഉപയോക്താവ് പങ്കുവച്ച ചിത്രങ്ങള്‍ പ്രശ്നത്തിന്റെ വ്യാപ്തി വെളിപ്പെടുത്തി. പൂനെ-ജയ്പൂർ എസ്എഫ് എക്സ്പ്രസിലെ മൂന്നാം എസി കോച്ചിൽ രാത്രി ബാത്ത്റൂമില്‍ പോകാനായി എഴുന്നേറ്റപ്പോള്‍ കണ്ട കാഴ്ചകളാണ് അദ്ദേഹം പകര്‍ത്തി പങ്കുവച്ചത്. യാത്രക്കാര്‍ എസി കോച്ചിന്റെ തറയില്‍ പുതച്ചു മൂടി കിടക്കുന്ന കാഴ്ചയായിരുന്നു അത്. ‘അടിയന്തിരമായി വാഷ്റൂം ഉപയോഗിക്കേണ്ടിവന്നു, ഈ ആളുകൾ കാരണം കുടുങ്ങിപ്പോയി… വാഷ്റൂം ഉപയോഗിക്കാൻ എനിക്ക് അവരുടെ മുകളിലൂടെ നടക്കേണ്ടി വന്നതിനാൽ എനിക്ക് അവരെക്കുറിച്ച് ശരിക്കും വിഷമം തോന്നി.’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. പോസ്റ്റ് പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. നിരവധി പേര് ഇന്ത്യന്‍ റെയില്‍വെയുടെ കസ്റ്റമര്‍ സര്‍വ്വീസിനെതിരെ രംഗത്തെത്തി.
‘റെയിൽവേ അധികാരികൾ ഇത് ബോധപൂർവം അനുവദിക്കുകയാണ്. എസി ടയർ-3 ഒരു പുതിയ സ്ലീപ്പറാണ്, നിങ്ങൾ കൂടുതൽ പണം ചെലവാക്കണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. കാലഗണന ഇപ്പോൾ വളരെ ആഴമുള്ളതാണ്, എല്ലാവർക്കും പതുക്കെ മനസ്സിലാകും.’ ഒരു കാഴ്ചക്കാരന് രൂക്ഷമായി പ്രതികരിച്ചു. ‘വിഷമിക്കരുത്, ഉറങ്ങാൻ ഉദ്ദേശിക്കാത്ത സ്ഥലങ്ങളിൽ ഉറങ്ങുന്നത് അവരുടെ തെറ്റാണ്.’ മറ്റൊരു കാഴ്ചക്കാരനെഴുതി. ‘റിസർവേഷൻ ഇല്ലാതെ അവർക്ക് എങ്ങനെ എസി കോച്ചില്‍ പുതപ്പുകൾ ലഭിച്ചു?’ എന്നതായിരുന്നു മറ്റൊരാളുടെ സംശയം. അതേസമയം ഇന്ത്യന്‍ റെയില്‍വെ ദീര്‍ഘദൂര ട്രെയിനുകളില്‍ നിന്ന് ലോക്കല്‍ കോച്ചുകളുടെ എണ്ണം പകുതിയിലേറെ വെട്ടിക്കുറച്ചു. പകരം റിസര്‍വേഷന്‍, എസി കോച്ചുകള്‍ അടക്കമുള്ള പ്രീമിയം കോച്ചുകളുടെ എണ്ണം കൂട്ടി. ഇതോടെ ലോക്കല്‍ കോച്ചുകളിലേക്ക് ടിക്കറ്റെടുക്കുന്ന സാധാരണക്കാര്‍, നില്ക്കാന് പോലും സ്ഥലമില്ലാത്തതിനാല്‍ റിസര്‍വേഷന്‍ കോച്ചുകളിലേക്കും എസി കോച്ചുകളിലേക്കും കയറാന്‍ തുടങ്ങി. അതേസമയം ഇത്തരം പ്രശ്നങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പരാതിപ്പെട്ടാല്‍ പരിഹരിക്കാം എന്ന മറുപടി മാത്രമാണ് റെയില്‍വേ സേവയുടെ ഭാഗത്ത് നിന്നും ലഭിക്കുന്നതെന്നും നടപടികള്‍ ഉണ്ടാകുനില്ലെന്നും ചില സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ പരാതിപ്പെടുന്നു.
Last Updated May 22, 2024, 12:40 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]