
ചെന്നൈ: തമിഴ്നാട്ടിൽ ‘മക്കളുടൻ മുതൽവർ’ ജനസമ്പർക്ക പദ്ധതിയുമായി സ്റ്റാലിൻ സർക്കാർ. ജൂലൈ 15 മുതൽ സെപ്തംബർ 15 വരെയാണ് പദ്ധതി. 15 സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാരമുണ്ടാക്കുകയാണ് ലക്ഷ്യം. 37 ജില്ലകളിലായി ആകെ 2500 ക്യാമ്പുകളാണ് ഉണ്ടാവുക.
‘മക്കളുടൻ മുതൽവർ’ എന്നാൽ ‘മുഖ്യമന്ത്രി ജനങ്ങളോടൊപ്പം’ എന്നാണ് അർത്ഥം. ഓരോ ക്യാമ്പിലെയും 20,000 ജനങ്ങള്‍ക്ക് വീതം പ്രയോജനം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ജൂലൈ 15 മുതൽ സെപ്തംബർ 15 വരെ ജനങ്ങള്‍ക്ക് പരാതികള്‍ എഴുതി നൽകാം. ഒക്ടോബർ 15നുള്ളിൽ പരാതികള്‍ പരിഹരിക്കുകയാണ് ലക്ഷ്യം.
ആദിവാസി ക്ഷേമം, ന്യൂനപക്ഷ ക്ഷേമം, സഹകരണം, ഭക്ഷ്യം, കൃഷി, ഊർജം, ആഭ്യന്തരം, എക്സൈസ്, തൊഴിൽ, നൈപുണ്യ വികസനം, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ, റവന്യൂ തുടങ്ങിയ 15 വകുപ്പുകളിലേക്കാണ് പരാതികള്‍ സ്വീകരിക്കുക. ഇ-സേവാ കേന്ദ്രങ്ങളിലൂടെ അപേക്ഷകരുടെ മൊബൈൽ ഫോണിലേക്ക് തുടർ വിവരങ്ങളെത്തും. സംസ്ഥാന സർക്കാരിന്റെ സേവനങ്ങൾ ജനങ്ങളിലേക്ക് അതിവേഗം എത്തിക്കുകയാണ് ലക്ഷ്യം.
കഴിഞ്ഞ വർഷം ഡിസംബറിലാണ് ഈ പദ്ധതി സ്റ്റാലിൻ സർക്കാർ ആദ്യം നടപ്പിലാക്കിയത്. ആദ്യ ഘട്ടത്തിൽ 2,058 ക്യാമ്പുകൾ സംഘടിപ്പിച്ചു. മുനിസിപ്പൽ കോർപ്പറേഷനുകളിൽ 641, മുനിസിപ്പാലിറ്റികളിൽ 632, ടൗൺ പഞ്ചായത്തുകളിൽ 520, മറ്റിടങ്ങളിൽ 265 ക്യാമ്പുകള്‍ സംഘടിപ്പിച്ചു. 2.64 ലക്ഷത്തിലധികം അപേക്ഷകൾ ക്യാമ്പുകളിലൂടെയും 6.40 ലക്ഷത്തിലധികം അപേക്ഷകള്‍ അല്ലാതെയും ലഭിച്ചു. ഒരു മാസത്തിനുള്ളിൽ 8.74 ലക്ഷം പരാതികളിൽ സൂക്ഷ്മ പരിശോധന നടത്തിയെന്നാണ് സർക്കാർ അറിയിച്ചത്.
Last Updated May 22, 2024, 11:45 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]