
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി പ്രസിഡന്റും ഇന്ത്യാ മുന്നണിയുടെ നേതാക്കളിലൊരാളുമായ അഖിലേഷ് യാദവിന്റെ റാലിയില്‍ വീണ്ടും തിക്കുംതിരക്കും. മെയ് 21ന് അസംഗഢ് ജില്ലയിലെ ലാല്‍ഗഞ്ചില്‍ എസ്പി സ്ഥാനാര്‍ഥി ദരോഗ സരോജിയുടെ തെരഞ്ഞെടുപ്പ് റാലിക്ക് എത്തിയതായിരുന്നു അഖിലേഷ് യാദവ്. പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചതോടെ സ്ഥലത്ത് വലിയ അപകട ആശങ്കയുണ്ടായി.
യുപിയില്‍ ഒരിക്കല്‍ക്കൂടി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെയും അണികളുടേയും ആവേശം അതിരുവിട്ടു. മരക്കഷണങ്ങള്‍ കൊണ്ട് താല്‍ക്കാലികമായി നിര്‍മിച്ച വേലി പ്രവര്‍ത്തകര്‍ ചാടിക്കടക്കാന്‍ ശ്രമിച്ചു. ഇതോടെ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പൊലീസിന് ബലം പ്രയോഗിക്കേണ്ടിവന്നു. റാലിയുടെ വേദിക്ക് സമീപത്ത് തകര്‍ന്ന കസേരകള്‍ ഏറെ ദൃശ്യങ്ങളില്‍ കാണാനാകുന്നു എന്നാണ് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രവര്‍ത്തകരോട് സംയമനം പാലിക്കാനും ശാന്തരാവാനും അഖിലേഷ് യാദവ് അഭ്യര്‍ഥിച്ചെങ്കിലും ഫലം കാണാതെ വന്നപ്പോള്‍ തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്.
അസംഗഢ് ജില്ലയിലെ ലാല്‍ഗഞ്ചിലായിരുന്നു അഖിലേഷ് യാദവ് ലോക്സഭ തെരഞ്ഞെടുപ്പ് റാലിക്കെത്തിയത്. സംവരണ മണ്ഡലമായ ഇവിടെ ദരോഗ സരോജിനെയാണ് എസ്പി സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. 2019ലെ കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ ബിഎസ്പി സ്ഥാനാര്‍ഥി വിജയിച്ച സീറ്റാണിത്. ഒരു ആഴ്ചയ്ക്കിടെ മൂന്നാം തവണയാണ് അഖിലേഷ് യാദവ് പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രവര്‍ത്തകരുടെ തിക്കുംതിരക്കമുണ്ടാവുന്നത്. മെയ് 19ന് ഫുല്പുര് ലോക്സഭ മണ്ഡലത്തില്‍ സംഘടിപ്പിച്ച ഇന്ത്യ സഖ്യത്തിന്റെ വമ്പൻ റാലിയില്‍ അഖിലേഷും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും എത്തിയപ്പോഴും സമാന സ്ഥിതിയുണ്ടായിരുന്നു. പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ രാഹുലും അഖിലേഷും പ്രസംഗം പൂര്‍ത്തിയാക്കാതെ വേദി വിട്ടിരുന്നു.
Last Updated May 22, 2024, 7:48 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]