
ദില്ലി: എഎപി എംപി സ്വാതി മലിവാളിന്റെ പരാതിയിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. കെജ്രിവാൾ 9 ദിവസമായി മിണ്ടുന്നില്ലെന്നാണ് ബിജെപി വിമർശനം. കെജ്രിവാളിന്റെ മൗനത്തിലൂടെ എല്ലാം വ്യക്തമാണെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. എഎപി സ്ത്രീ വിരുദ്ധ പാർട്ടിയായി മാറിയിരിക്കുകയാണെന്നും കേസ് ഒത്തുതീർപ്പാക്കാൻ കെജ്രിവാൾ സ്വാതിക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും പ്രമോദ് സാവന്ത് പറഞ്ഞു.
അതിനിടെ, എഎപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വാതി മലിവാൾ രംഗത്തെത്തി. തനിക്കെതിരെ എഎപി ഗൂഢാലോചന നടത്തുകയാണ്. അപവാദ പ്രചാരണം നടത്താൻ നേതാക്കൾക്ക് മേൽ സമ്മർദം ചെലുത്തുകയാണ്. സ്വകാര്യ ഫോട്ടോകൾ പുറത്ത് വിടാനും നീക്കം നടക്കുന്നുണ്ട്. തന്നെ ആര് പിന്തുണയ്ക്കുന്നുവോ അവരെ പാർട്ടിയിൽനിന്നും പുറത്താക്കുമെന്നതാണ് സ്ഥിതി. ബിഭവിനെ ഭയക്കുകയാണ് എല്ലാവരും. എഎപിയുടെ ഏറ്റവും വലിയ നേതാവടക്കം ഭയക്കുന്നു. വനിതാ മന്ത്രിപോലും പഴയ സഹപ്രവർത്തകയ്ക്കെതിരെ പ്രവർത്തിക്കുന്നതിൽ വിഷമമുണ്ടെന്നും സ്വാതി മലിവാൾ പറഞ്ഞു. സത്യം തന്റെ ഭാഗത്താണ്. എല്ലാറ്റിനെയും നേരിടുമെന്നും പോരാട്ടം തുടരുമെന്നും സ്വാതി മലിവാൾ ട്വീറ്റ് ചെയ്തു.
ക്രൂരമര്‍ദ്ദനത്തിനിരയാക്കിയെന്ന സ്വാതി മലിവാള്‍ എംപിയുടെ പരാതിയില്‍ അരവിന്ദ് കെജ്രിവാളിന്റെ പിഎ ബിഭവ് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ബിഭവ് കുമാറിനെ കസ്റ്റഡിയിലെടുത്തത്. സിവില്‍ ലൈന്‍സ് പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. 7 തവണ മുഖത്തടിച്ചു. വയറ്റിലും, ഇടുപ്പിലും ചവിട്ടി തുടങ്ങിയ സ്വാതിയുടെ പരാതിയില്‍ ഐപിസി 354, 506, 509, 323 വകുപ്പികളിലാണ് ബിഭവ് കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.
സ്വാതിയുടെ ഇടത് കാലിനും, കണ്ണിന് താഴെയും കവിളിലും പരിക്കുണ്ടെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. കെജ്രിവാളിനെതിരെ കൂടി കേസെടുക്കണമെന്ന ആവശ്യം ബിജെപി ശക്തമാക്കിയതിന് പിന്നാലെ മുഴുവന്‍ നേതാക്കളെയും ജയിലിലിടാന്‍ നീക്കം നടക്കുകയാണെന്ന് കെജ്രിവാള് പറഞ്ഞു.
Last Updated May 22, 2024, 12:29 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]