
ഇടുക്കി: ഇരട്ടയാറില്‍ പോക്സോ കേസിലെ അതിജീവിത ദൂരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് കുറ്റമറ്റ അന്വേഷണം നടത്തണമെന്ന് പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കുമെന്ന് വനിതാ കമ്മിഷന് അധ്യക്ഷ പി. സതീദേവി. ഇരട്ടയാറില്‍ അതിജീവിതയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു സതീദേവി.
സംഭവത്തില്‍ വനിതാ കമ്മിഷന് സ്വമേധയാ കേസെടുക്കുകയും ഇടുക്കി ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയിലാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. അമ്മയാണ് മകളെ മരിച്ച നിലയില്‍ കണ്ടത്. കട്ടപ്പന പൊലീസാണ് കേസ് അന്വേഷിക്കുന്നത്. പോക്സോ കേസ് അതിജീവിതയാണ് പെണ്‍കുട്ടി. രണ്ടുവര്‍ഷം മുന്‍പാണ് പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായത്. കേസ് നടന്നു വരുന്നതിനിടെയാണ് ദുരൂഹ മരണം സംഭവിച്ചതെന്നും വനിതാ കമ്മിഷന് അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് പതിനേഴുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയില്‍ കട്ടിലിലാണ് മൃതദേഹം കണ്ടെത്തിയത്. സമയം വൈകിയിട്ടും പെണ്‍കുട്ടി എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് അമ്മ വിളിച്ചുണര്ത്തുവാന് എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. തുടര്‍ന്ന് നാട്ടുകാരെ വിളിച്ച് വരുത്തി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ കൊലപാതകമാണോയെന്ന സംശയം പൊലീസ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അതിനുള്ള സാധ്യതയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. പോക്സോ കേസുമായി പെണ്‍കുട്ടിയുടെ മരണത്തിന് ബന്ധമുണ്ടോയെന്ന കാര്യം ഉള്‍പ്പെടെ അന്വേഷിക്കുമെന്ന് പൊലീസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
Last Updated May 21, 2024, 6:38 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]