
മുംബൈ: രൺബീർ കപൂർ ചിത്രം രാമായണം വലിയ പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ടുകള്‍. കോപ്പി റൈറ്റ് ലംഘിച്ചുവെന്ന കേസിനെത്തുടർന്ന് നിതേഷ് തിവാരി ചിത്രമായ രാമായണത്തിന്റെ ചിത്രീകരണം നിര്‍ത്തിവച്ചുവെന്നാണ് വിവരം. ചിത്രീകരണം ആരംഭിച്ച് രണ്ട് മാസം തികയുന്നതിന് മുമ്പാണ് ചിത്രീകരണം നിർത്തിവെച്ചത് എന്നാണ് പിങ്ക്വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാമായണത്തിൽ രൺബീർ കപൂറാണ് രാമനായി എത്തുന്നത്. അതേസമയം സീതയായി സായ് പല്ലവി എത്തുന്നുണ്ട്. യാഷ് രാവണനായി അഭിനയിക്കുന്നു എന്നാണ് റിപ്പോർട്ട്. ഷൂട്ടിംഗ് നിർത്തിവച്ചതുമായി ബന്ധുപ്പെട്ട് ചിത്രവുമായി അടുത്തൊരു വ്യക്തി മിഡ് ഡേയോട് പ്രതികരിച്ചിരുന്നു. ചിത്രം നിര്‍ത്താന്‍ നോട്ടീസ് ലഭിച്ചിരുന്നുവെന്ന് ഈ വ്യക്തി സ്ഥിരീകരിക്കുന്നുണ്ട്.
“നോട്ടീസിന് ശേഷം കുറച്ച് ദിവസത്തേക്ക് ചിത്രീകരണം തുടർന്നിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച മുതൽ പൂര്‍ണ്ണമായും ചിത്രം നിർത്തിവച്ചിരിക്കുകയാണ്. നോട്ടീസിലെ നിയമവശങ്ങള്‍ പഠിച്ചുവരുകയാണ്. ഇപ്പോള്‍ വന്ന കേസില്‍ സമവായത്തിലെത്തിയ ശേഷം മാത്രമേ ചിത്രീകരണം പുനരാരംഭിക്കൂ. മൂന്നാഴ്ചയ്ക്കുള്ളിൽ ഷൂട്ടിംഗ് പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്” – സിനിമയുമായി അടുത്ത വ്യക്തി മിഡ് ഡേയോട് പറഞ്ഞു.
ആദ്യഘട്ടത്തില്‍ ചിത്രത്തിന്റെ നിര്‍മ്മാതാവായിരുന്ന മധു മണ്ടേന ഇടയ്ക്ക് ചിത്രത്തില്‍ നിന്നും പിന്മാറിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ബാധ്യതകളും നഷ്ടപരിഹാരം നൽകാത്തതിനെ തുടര്‍ന്നാണ് നോട്ടീസ് ഇപ്പോള്‍ ലഭിച്ചത് എന്നാണ് വിവരം.
അതേ സമയം രാമായണം നിർത്തിവെച്ച സാഹചര്യത്തിൽ ഇതിലെ താരങ്ങളുടെ ഷെഡ്യൂളുകള്‍ തെറ്റാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. സണ്ണി ഡിയോളിന്റെ ഒരു ചിത്രം ഈ വർഷാവസാനം ചിത്രീകരിക്കാൻ ഷെഡ്യൂൾ ചെയ്തിരിക്കുമ്പോൾ രൺബീർ ഈ വർഷാവസാനം സഞ്ജയ് ലീല ബൻസാലിക്ക് വേണ്ടി ലവ് ആന്റ് വാർ എന്ന ചിത്രത്തിനായി കോള്‍ ഷീറ്റ് നല്‍കിയിട്ടുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധി ഈ ചിത്രങ്ങളെ ബാധിച്ചേക്കും എന്നാണ് വിവരം.
Last Updated May 21, 2024, 6:07 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]