
37 വർഷത്തോളം നീണ്ട സിനിമാ ജീവിതത്തിൽ ഇതുവരെ സുധീഷ് എന്ന നടനെ ആരും ഇതുപോലെ കയറൂരി വിട്ടിട്ടുണ്ടാകില്ല. ‘സുരേശൻറെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ’യിലെ സുധാകരൻ നാഹർ എന്ന കഥാപാത്രമായി നമുക്ക് മറ്റാരെയും സങ്കൽപ്പിക്കാൻ കഴിയാത്ത വിധം സുധീഷ് മനോഹരമാക്കിയിട്ടുണ്ട്. സുരേശൻ കഴിഞ്ഞാൽ സിനിമയിലെ മറ്റൊരു നായകൻ തന്നെയാണ് സുധീഷിൻ്റെ സുധാകരൻ. മലയാളത്തിലെ ഇതിഹാസ താരങ്ങളായിരുന്ന തിലകനും ജഗതി ശ്രീകുമാറും ഭരത് ഗോപിയുമൊക്കെ തങ്ങളുടെ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അഭിനയിച്ച് ഉത്സവമാക്കുന്ന രീതിയിലൊരു മിന്നലാട്ടം സുധീഷിൻറെ സുധാകരൻ നാഹരായുള്ള വേഷപ്പകർച്ചയിൽ പ്രേക്ഷകർക്ക് ലഭിക്കുന്നുണ്ട്.
സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഒരുക്കിയ ‘അനന്തരം’ മുതൽ രതീഷ് ബാലകൃഷ്ണൻ ഒരുക്കിയ ‘സുരേശൻറേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ’ വരെയുള്ള സുധീഷിൻറെ സിനിമകൾ എടുത്ത് നോക്കിയാൽ ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. നായകൻ, നായകൻറെ കൂട്ടുകാരൻ, വില്ലൻ, അച്ഛൻ, അമ്മാവൻ, സഹോദരൻ അങ്ങനെ ഒട്ടേറെ കഥാപാത്രങ്ങളുണ്ട്. അതിൽ തന്നെ ‘അനന്തര’ത്തിലെ കുഞ്ഞ് അജയ്കുമാർ, ‘മുദ്ര’യിലെ ഉണ്ണി, ‘ചെപ്പടി വിദ്യ’യിലെ ജോസൂട്ടി, ‘മണിചിത്രത്താഴി’ലെ ചന്തു, ‘അനിയത്തിപ്രാവി’ലെ രാധാമാധവൻ, ‘ആധാര’ത്തിലെ രമേശൻ, ‘വേനൽകിനാവു’കളിലെ അജയ്, ‘സത്യം മാത്രമേ ബോധിപ്പിക്കു’വിലെ കഥാപാത്രം, ‘തീവണ്ടി’യിലെ അമ്മാവൻ, ‘പടവെട്ടി’ലെ ഗോവിന്ദൻ, ‘2018’-ലെ വർഗ്ഗീസ് അങ്ങനെ പറഞ്ഞാൽ തീരാത്തത്രയും ശ്രദ്ധേയ കഥാപാത്രങ്ങളുണ്ട് സുധീഷിൻറേതായി. അതിൽ നിന്നെല്ലാം വേറിട്ടതും സുധീഷ് എന്ന നടൻറെ തന്നെ അന്യായ റേഞ്ച് കാണിച്ചുതരുന്നതുമാണ് ‘ഹൃദയഹാരിയായ പ്രണയകഥ’യിലെ കഥപാത്രം.
അടൂർ ഗോപാലകൃഷ്ണൻ, സിബി മലയിൽ, ഫാസിൽ, സത്യൻ അന്തിക്കാട്, കമൽ, ഷാജി കൈലാസ്, ലോഹിത ദാസ്, എം ടി തുടങ്ങി ശ്രദ്ധേയരായ നിരവധി സംവിധായകരോടൊപ്പം പ്രവർത്തിച്ചതിൻറെ അനുഭവ സമ്പത്തുണ്ട് അദ്ദേഹത്തിന്. ഒരു കാലത്ത് സുധീഷ് ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ടുപോയ സമയമുണ്ടായിരുന്നു. അങ്ങനെ മിക്ക സിനിമകളിലും കൂട്ടുകാരൻറെ മുഖമായി അദ്ദേഹം മാറി. ഒടുവിൽ ‘തീവണ്ടി’യിലെ അമ്മാവൻ വേഷമാണ് സുധീഷ് എന്ന നടൻറെ മറ്റൊരു മുഖം പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. പിന്നീട് ഇതുവരെ ഓരോ സിനിമകളിലും അമ്പരപ്പിക്കുന്ന വേഷപ്പകർച്ചയിലാണ് അദ്ദേഹം എത്താറുള്ളത്. ‘ഹൃദയഹാരിയായ പ്രണയകഥ’യിലെ സുധാകരൻ നാഹർ എന്ന കഥാപാത്രം അഭിനയം ഉത്സവമാക്കിയിരിക്കുന്നതായാണ് തോന്നിയത്. ചിത്രത്തിൽ സങ്കീർണ്ണമായ അഭിനയമുഹൂർത്തങ്ങളും രസിപ്പിക്കുന്ന സന്ദർഭങ്ങളും ആക്ഷനും പാട്ടും ഡാൻസുമൊക്കെ തികച്ചും ആയാസരഹിതമായാണ് സുധീഷ് സ്ക്രീനിലെത്തിച്ചിരിക്കുന്നത്. തീർച്ചയായും സുരേശനും സുമലതയ്ക്കും കൊഴുമ്മൽ രാജീവനും ഒപ്പം സുധാകരൻ നായരായി സുധീഷ് എന്ന നടൻറെ അസാധ്യ അഭിനയ മുഹൂർത്തങ്ങൾ തന്നെയാണ് ‘ഹൃദയഹാരിയായ പ്രണയകഥ’യുടെ ജീവവായു എന്ന് നിസ്സംശയം പറയാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]