
കഴിഞ്ഞദിവസമാണ് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ജൂൺ ആറിന് കുവൈത്തിനെതിരേ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷം വിരമിക്കുമെന്നാണ് ഛേത്രി അറിയിച്ചത്. 39-കാരനായ താരത്തിന്റെ പ്രഖ്യാപനം കുറച്ചൊന്നുമല്ല ആരാധകരെ സങ്കടത്തിലാക്കിയത്. ഇക്കൂട്ടത്തിൽ നടൻ രൺവീറിന്റെ പ്രതികരണം ശ്രദ്ധേയമാവുകയാണ്.
കയ്പേറിയനിമിഷം എന്നാണ് സുനിൽ ഛേത്രിയുടെ വിരമിക്കൽ പ്രഖ്യാപനത്തോട് രൺവീർ സിംഗ് പ്രതികരിച്ചത്. വിരമിക്കുന്നതായി അറിയിച്ചുകൊണ്ട് ഛേത്രി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോക്ക് താഴെ കമന്റായാണ് രൺവീർ തന്റെ പ്രതികരണം അറിയിച്ചത്. “ഐക്കൺ, നായകൻ, ഇതിഹാസം. നിങ്ങളുടെ മഹത്വംകൊണ്ട് പ്രചോദിതരായ ഞങ്ങൾക്ക് ഇതൊരു കയ്പേറിയ നിമിഷമാണ്. ഞങ്ങൾക്ക് വളരെയധികം സന്തോഷവും കീർത്തിയും കൊണ്ടുവന്നതിന് നന്ദി, ക്യാപ്റ്റൻ. നിങ്ങളെ എന്നേക്കും സ്നേഹിക്കുന്നു! ” രൺവീറിന്റെ വാക്കുകൾ.
ബോളിവുഡ് താരമെന്നതിലുപരി നല്ലൊരു ഫുട്ബോൾ പ്രേമികൂടിയാണ് രൺവീർ സിംഗ്. ഫുട്ബോളിനോടുള്ള തന്റെ ഇഷ്ടം മുമ്പും അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. പ്രീമിയർ ലീഗ് കണ്ടുതുടങ്ങിയപ്പോൾമുതലാണ് ഫുട്ബോളിനോട് കൂടുതൽ അടുപ്പം തോന്നുന്നതെന്നും ആഴ്സണലാണ് മികച്ച കളി പുറത്തെടുക്കുന്ന ഫുട്ബോൾ ടീമെന്നും മുൻപ് സുനിൽ ഛേത്രിയുമൊത്തുള്ള സോഷ്യൽ മീഡിയാ ലൈവിൽ രൺവീർ പറഞ്ഞിരുന്നു.
2005 ജൂൺ 12-ന് പാകിസ്താനെതിരേ സൗഹൃദ മത്സരത്തിലായിരുന്നു ഛേത്രിയുടെ അരങ്ങേറ്റം. ആ കളിയിൽതന്നെ ഗോളും നേടി. ക്വറ്റയിലെ അയൂബ് സ്റ്റേഡിയത്തിൽ നടന്ന കളിയിൽ 65-ാം മിനിറ്റിലാണ് ഛേത്രി കന്നിഗോൾ നേടിയത്. മത്സരം സമനിലയിൽ കലാശിച്ചു. ഇതുവരെ 150 മത്സരങ്ങളിൽ നിന്നായി 94 ഗോളുകൾ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്ബോളിൽ സജീവമായി കളിക്കുന്നവരിൽ ഗോൾനേട്ടത്തിൽ മൂന്നാമതാണ് താരം. 2011-ൽ അർജുന പുരസ്കാരവും 2019-ൽ പദ്മശ്രീ ബഹുമതിയും ലഭിച്ചു. ആറു തവണ രാജ്യത്തെ മികച്ച ഫുട്ബോൾ താരമായും ഛേത്രി തിരഞ്ഞെടുക്കപ്പെട്ടു.
അതേസമയം ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന ഡോൺ ആണ് രൺവീർ സിംഗിന്റേതായി അണഇയറയിൽ ഒരുങ്ങുന്ന ചിത്രം. ഷാരൂഖ് ഖാൻ നായകനായ ഡോൺ സീരീസിലെ പുതിയ ചിത്രമാണിത്. കിയാര അദ്വാനിയാണ് നായിക. രോഹിത് ഷെട്ടിയുടെ സിംഗം സീരീസിലെ പുതിയ ചിത്രത്തിലും രൺവീർ മുഖ്യവേഷത്തിലെത്തുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]