
ബെംഗലൂരു: ഐപിഎൽ പ്ലേ ഓഫിലെ നാലാം സ്ഥാനക്കാരെ കണ്ടെത്താൻ ഇന്ന് നിർണായക പോരാട്ടം. ബെംഗലൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ വൈകിട്ട് 7.30ന് റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടും. കൊൽക്കത്തയും രാജസ്ഥാനും ഹൈദരാബാദുമാണ് ഇതുവരെ ഐപിഎല്ലിൽ പ്ലേ ഓഫ് ഉറപ്പിച്ച ടീമുകള്‍. പ്ലേ ഓഫിലെ നാലാമത്തെ ടീം ഏതാണെന്നതിനുള്ള ഉത്തരമാകും ഇന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം.
സീസണിന്റെ തുടക്കത്തിൽ ആർസിബി തോറ്റ് തോറ്റ് നാണം കെട്ടപ്പോള്‍ പിന്നെ കണ്ടത് കോലിയും സംഘത്തിന്റെയും വൻ തിരിച്ചുവരവായിരുന്നു. തുടർച്ചയായ അഞ്ചാം ജയത്തോടെ പ്ലേ ഓഫ് പോരിന് ജീവൻ വീണ്ടെടുത്തവർ. 13 മത്സരങ്ങളിൽ 12 പോയിന്റാണ് ആർസിബിക്കുള്ളത്. 14 പോയന്റുമായി നാലാം സ്ഥാനത്തുള്ള ചെന്നൈ റൺറേറ്റിൽ മുന്നിലാണെന്നതിനാല്‍ ഇന്ന് വെറുമൊരു ജയം കൊണ്ട് ആര്‍സിബിക്ക് പ്ലേ ഓഫ് ഉറപ്പിക്കാനാവില്ല.
ആദ്യം ബാറ്റ് ചെയ്താൽ കുറഞ്ഞത് 18 റൺസ് വ്യത്യാസത്തിലെങ്കിലും ആര്‍സിബിക്ക് ജയിക്കണം. മറിച്ചാണെങ്കിൽ 18.1 ഓവറിൽ ചെന്നൈയുടെ വിജയലക്ഷ്യം മറികടക്കണം. ഇതൊക്കെ സംഭവിക്കണമെങ്കിൽ ആർസിബിയുടെ പ്രതീക്ഷകളത്രയും ആ 18- നമ്പർ ജേസിയിൽ തന്നെ. റൺവേട്ടക്കാരിൽ മുന്നിലുള്ള കിംഗ് കോലി. നിർണായക ഘട്ടങ്ങളിൽ പോരാട്ട വീര്യം പുറത്തെടുക്കുന്ന കോലി ഇന്നും കളം നിറയുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ബാറ്റിംഗിലും ബൗളിംഗിലും നില മെച്ചപ്പെടുത്തിയതാണ് ആർസിബിയുടെ കരുത്ത്. സ്വന്തം തട്ടകത്തിൽ ചെന്നൈയെ തോൽപ്പിക്കുക ആർസിബിക്ക് ബാലികേറ മലയല്ല. ഇംഗ്ലണ്ട് താരം വിൽ ജാക്സ് നാട്ടിലേക്ക് മടങ്ങിയതാണ് തിരിച്ചടിയായെങ്കിലും പകരം മാക്സ്വെൽ തിരിച്ചെത്താനാണ് സാധ്യത. എന്നാൽ ടീമിനായി വലിയ ഇന്നിംഗ്സുകൾ ഇതുവരെ മാക്സ്വെല്ലിന് പുറത്തെടുക്കാനായിട്ടില്ല. രജത് പട്ടിദാറും കാമറൂൺ ഗ്രീനും ഫോമിലേക്കുയർന്നു. ഡുപ്ലെസിയും ദിനേശ് കാർത്തികും കൂടി തകർത്തടിച്ചാൽ ചെന്നൈക്ക് കാര്യങ്ങൾ എളുപ്പമാകില്ല. ബൗളിംഗിൽ മുഹമ്മദ് സിറാജും യാഷ് ദയാലും ഫെർഗ്യൂസനുമെല്ലാം മിന്നും ഫോമിൽ.
ആറാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന നിലവിലെ ചാമ്പ്യന്മാരായ ചെന്നൈക്ക് തുടക്കത്തിൽ പുറത്തെടുത്ത മികവ് തുടരാനാവുന്നില്ലെന്നത് ആശങ്കയാണ്. ബാറ്റിംഗിലാണ് പ്രധാന പോരായ്മ. നായകൻ റുതുരാജ് ഗെയ്ക്വാദിന് മാത്രമാണ് സ്ഥിരതയുള്ളത്. ഇംഗ്ലണ്ട് താരം മോയിൻ അലി നാട്ടിലേക്ക് മടങ്ങിയതോടെ അഞ്ചാം നമ്പറിൽ രവീന്ദ്ര ജഡേജയെ പരിഗണിച്ചേക്കും. പ്ലേയിംഗ് ഇലവനിലേക്ക് മിച്ചൽ സാന്റ്നർ എത്താനാണ് സാധ്യത. പതിരാനയും മുസ്തഫിസുറും ഇല്ലെങ്കിലും ബൗളിംഗിൽ ചെന്നൈ പതറിയിട്ടില്ല. സിമർജിത്ത് സിംഗും തുഷാർ ദേശ് പാണ്ഡെയും നയിക്കുന്ന പേസ് ബൗളിംഗ് ആർസിബിക്ക് വെല്ലുവിളിയാകും.
ആർസിബിക്കെതിരെ ജയിക്കാനായാൽ രാജസ്ഥാനെ പിന്തള്ളി ചെന്നൈക്ക് രണ്ടാം സ്ഥാനത്ത് വരെയെത്താം. ഈ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ചെന്നൈ 6 വിക്കറ്റിന്റെ ജയം സ്വന്തമാക്കി. ഐപിഎല്ലിലെ കണക്കിലെ കളിയിലും മുൻതൂക്കം ചെന്നൈക്ക് തന്നെ. 32 മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ 21 തവണയും ജയം ചെന്നൈക്കൊപ്പമായിരുന്നു.
Last Updated May 18, 2024, 9:59 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]