
വിഷു റിലീസ് ആയി എത്തി തിയറ്ററുകളിൽ ആവേശപ്പെരുമഴ സമ്മാനിച്ച സിനിമയാണ് ആവേശം. രോമാഞ്ചം എന്ന ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്നുവെന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയിൽ ഫഹദ് ഫാസിൽ ആയിരുന്നു നായകൻ. രംഗൻ എന്ന കഥാപാത്രമായി ഫഹദ് നിറഞ്ഞാടിയപ്പോൾ പ്രേക്ഷക മനസിലും ആവേശം. അത് അന്വർത്ഥം ആക്കുന്നത് തന്നെ ആയിരുന്നു ബോക്സ് ഓഫീസ് കളക്ഷനുകളും.
ഏതാനും ദിവസങ്ങൾക്ക് മുൻപ് ആവേശം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിന് ആയിരുന്നു സ്ട്രീമിംഗ് അവകാശം. എന്നാൽ ഈ അവസരത്തിലും ആവേശം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചെന്നെ, കൊച്ചി, ബംഗളൂരു തുടങ്ങിയ ഇടങ്ങളിൽ മികച്ച ബുക്കിങ്ങും നടന്നിരുന്നു. ഈ അവസരത്തിൽ ചിത്രത്തിന്റെ പുതിയ കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവരികയാണ്.
സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം 154.5 കോടിയാണ് ആവേശം ഇതുവരെ നേടിയ കളക്ഷൻ. അതായത് മുപ്പത്തി രണ്ട് ദിവസത്തെ കളക്ഷനാണിത്. കേരളം-76.15 കോടി, തമിഴ്നാട്-10.7 കോടി, കർണാടക-10.2 കോടി, ഇന്ത്യയുടെ മറ്റ് പ്രദേശങ്ങൾ-2.75 കോടി. അങ്ങനെ ആകെ ഇന്ത്യയിൽ നിന്നുമുള്ള ഗ്രോസ് 99.8 കോടിയാണ്. ഓവർസീസിൽ നിന്നും 54.7 കോടിയാണ് ചിത്രം നേടിയത്. ആകെ മൊത്തം 154 കോടിയിലേറെ.
അതേസമയം, പുഷ്പ 2 ആണ് ഫഹദ് ഫാസിലിന്റേതായി ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം. അല്ലു അർജുന്റെ വില്ലനായി ഫഹദ് എത്തുന്ന ചിത്രം 2024 ഓഗസ്റ്റ് 15ന് റിലീസ് ചെയ്യും. വേട്ടയ്യൻ എന്ന രജനികാന്ത് ചിത്രത്തിലും ഫഹദ് അഭിനയിക്കുന്നുണ്ട്. നിലവിൽ ചിത്രത്തിന്റ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. മഞ്ജു വാര്യർ, അമിതാഭ് ബച്ചൻ തുടങ്ങി പ്രമുഖ താരങ്ങളും വേട്ടയ്യയിൽ ഉണ്ട്.
Last Updated May 14, 2024, 8:46 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]