
തിരുവനന്തപുരം: മഴക്കാലത്തിന് മുന്നോടിയായി റോഡുകളിലെ റണ്ണിംഗ് കോൺട്രാക്ട് പ്രവൃത്തി പരിശോധിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. വകുപ്പിന് കീഴിലെ ഐ എ എസ് ഉദ്യോഗസ്ഥരും ചീഫ് എഞ്ചിനീയർമാരും അടങ്ങുന്ന സംഘം ഓരോ ജില്ലകളിലും പൊതുമരാമത്ത് റോഡുകളിൽ എത്തി പ്രവൃത്തി പുരോഗതി പരിശോധിക്കും. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം നിലവിലുള്ള പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തി.
മഴയ്ക്ക് മുമ്പ് റോഡുകളിലെ കുഴികൾ അടക്കുന്നതിനും അറ്റകുറ്റപ്പണിക്കുമാണ് മുൻഗണന നൽകേണ്ടതെന്ന് മന്ത്രി യോഗത്തിൽ നിർദ്ദേശം നൽകി. പ്രീ മൺസൂൺ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണം. നിലവിൽ പ്രവൃത്തികൾ ഉള്ള റോഡുകളിൽ, ആ കരാറുകാർ തന്നെ കുഴിയടച്ച് അപകടരഹിതമായ ഗതാഗതം ഉറപ്പാക്കണം. കെ ആർ എഫ് ബി, കെ എസ് ടി പി, എന്നീ വിഭാഗങ്ങളുടെ പരിപാലനത്തിൽ ഉള്ള റോഡുകളിൽ കുഴികൾ ഇല്ലാത്ത വിധം സംരക്ഷിക്കാൻ അതാത് വിംഗുകൾ ശ്രദ്ധ ചെലുത്തണം.
ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമാണെന്ന് ഉറപ്പാക്കാനും മന്ത്രി നിർദ്ദേശം നൽകി. സ്കൂൾ മേഖലകളിൽ അടക്കം സീബ്ര ലൈൻ തെളിയുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. വാട്ടർ അതോറിറ്റി ഉൾപ്പെടെ മറ്റ് വകുപ്പുകൾക്ക് പ്രവൃത്തിക്കായി കൈമാറിയ റോഡുകളിലും മഴക്കു മുമ്പെ കുഴികൾ അടക്കുന്നത് ഉറപ്പാക്കാനും മന്ത്രി നിർദ്ദേശം നല്കി. വകുപ്പ് സെക്രട്ടറി കെ ബിജു ഉൾപ്പെടെ ഉള്ളവർ യോഗത്തിൽ പങ്കെടുത്തു.
Last Updated May 13, 2024, 9:11 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]