
പാലക്കാട്: പാലക്കാട് ചന്ദ്രനഗറിൽ പ്രവർത്തിക്കുന്ന ബജാജ് ഷോറൂം തകർത്ത് അകത്ത് കയറി സർവ്വീസിന് കൊണ്ടു വന്ന പൾസർ ബൈക്ക് കളവ് നടത്തിയ പ്രതികൾ പിടിയിൽ. എടശ്ശേരി വാടാനപ്പള്ളി സ്വദേശിയായ സിജിൽ രാജ് എന്ന സുഹൈൽ (23), ഏങ്ങണ്ടിയൂർ വാടാനപ്പള്ളി സ്വദേശി വിഷ്ണു പ്രസാദ് (24) എന്നിവരെയും പ്രായപൂർത്തി ആകാത്ത ഒരാളെയുമാണ് പാലക്കാട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.
കളവിനായി പ്രതികൾ മൂന്നുപേർ ചേർന്ന് ബൈക്കിൽ വരുകയും പല സ്ഥലങ്ങളിൽ വില കൂടിയ ബൈക്ക് നോക്കിയെങ്കിലും കയറിയത് ബജാജിന്റെ ചന്ദ്രനഗർ ഷോറൂമിലായിരുന്നു. പ്രതികളായ സിജിൽ രാജ് എന്ന സുഹൈൽ തൃശൂർ ജില്ലയിൽ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. വിഷ്ണു പ്രസാദും കേസുകളിലെ പ്രതിയാണ്. വാഹന മോഷണം, അടിപിടി, പോക്സോ തുടങ്ങി വിവിധ തരത്തിലുള്ള കേസുകളിലെ പ്രതികളാണിവരെന്നാണ് പൊലീസ് പറയുന്നത്.
ആഡംബര ബൈക്കുകളാണ് മോഷണത്തിനായി ഇവർ പ്രധാനമായും നോട്ടമിടുന്നത്. മോഷണം നടത്തിയ ശേഷം വാഹനം നിമിഷ നേരം കൊണ്ട് പൊളിച്ച് പല സ്ഥലങ്ങളിൽ വിൽപ്പന നടത്തുന്നതാണ് രീതി. ചന്ദ്രനഗറിൽ നിന്നും മോഷ്ടിച്ച ബൈക്ക് വേർപിരിച്ച് ഇവർ മൂന്ന് സ്ഥലങ്ങളിലായി വിൽപ്പന നടത്തിയിരുന്നു. വിൽപ്പന നടത്തിയ സ്ഥലത്തു നിന്നാണ് കസബ പൊലീസ് വാഹനത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്.
പാലക്കാട് ജില്ലാ പൊലീസ് മേധാവി ആനന്ദ് ഐ പി എസ്, എ എസ് പി അശ്വതി ജിജി ഐ പി എസ്, കസബ ഇൻസ്പെക്ടർ വിവിദയരാജൻ എന്നിവരുടെ നിർദ്ദേശപ്രകാരം എസ് ഐ മാരായ ഹർഷാദ് എച്ച്, ബാബുരാജൻ പി എ, മുരുകേശൻ എം, ജതി എ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രാജീദ് ആർ, ജയപ്രകാശ് എസ്, സെന്തിൾ വി, പ്രശോഭ്, മാർട്ടിൻ എന്നിവരാണ് കേസന്വേഷണം നടത്തി പ്രതികളെ പിടികൂടിയതും മുതല് കണ്ടെത്തിയതും. 2 പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രായ പൂർത്തി ആകാത്ത ഒരു പ്രതിയെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വിട്ടയച്ചെന്നും പൊലീസ് അറിയിച്ചു.
Last Updated May 12, 2024, 9:58 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]