
കൊച്ചി: എസ്എസ്എല്സി പരീക്ഷാ ഫലം വന്നതിനു പിന്നാലെ സ്വന്തം കുട്ടികൾക്ക് കിട്ടിയ എ പ്ലസിന്റെ കണക്കും മാർക്ക് ലിസ്റ്റും പങ്കുവെക്കുന്ന രക്ഷിതാക്കളാണ് സമൂഹമാധ്യമത്തിൽ നിറയെ. ഫുൾ എ പ്ലസ് കിട്ടാത്തതിലോ പരാജയപ്പെട്ടതിലോ നിരാശപ്പെടരുതെന്ന് കുട്ടികളെ ഉപദേശിക്കുന്നവരും അതിന്റെ ചുവട് പിടിച്ചുള്ള ചർച്ചകളും സജീവമാണ്.
ഇതിനിടയിൽ മകന് ഫുൾ എ പ്ലസ് ഇല്ലെങ്കിലും അവനെക്കുറിച്ചോർത്ത് അഭിമാനമുണ്ടെന്ന് പറയുന്ന ഒരച്ഛന്റെ കുറിപ്പ് വൈറലാവുന്നു. എഴുത്തുകാരനായ മുഹമ്മദ് അബ്ബാസ് ആണ് ആ അച്ഛൻ.
അന്നത്തിൽ ഒരോഹരി പൂച്ചകൾക്ക് കൊടുക്കുന്നതിനും പോക്കറ്റ് മണി കിട്ടാത്ത കൂട്ടുകാർക്ക് ഒരോഹരി കൊടുക്കുന്നതിനും മകനായി പിറന്നതിന് നന്ദി പറയുന്നു എന്നാണ് മകനെക്കുറിച്ച് ഈ അച്ഛൻ സമൂഹമാധ്യമത്തിൽ കുറിച്ചത്. *മുഹമ്മദ് അബ്ബാസിന്റെ ഫേസ്ബുക്ക് കുറിപ്പ്*
ഫുൾ എ പ്ലസ് ഒന്നുമില്ല.
രണ്ട് എ പ്ലസ് , ബാക്കി എ യും , ബി യും . ഞാനെൻ്റെ മകനെ അഭിമാനത്തോടെ ചേർത്തു പിടിക്കുന്നു.
അന്നത്തിൽ ഒരോഹരി പൂച്ചകൾക്ക് കൊടുക്കുന്നതിന് , ഈ പൊരിവെയിലത്ത് ഒറ്റ ദിവസം പോലും മുടങ്ങാതെ കിളികൾക്കും കാക്കകൾക്കും വെള്ളം കൊടുക്കുന്നതിന് , സ്വന്തം വസ്ത്രങ്ങൾ അലക്കുകയും ,കഴിച്ച പാത്രങ്ങൾ കഴുകുകയും ,സ്വന്തം കിടപ്പിടം തുടക്കുകയും മുറ്റമടിക്കുകയും ചെയ്യുന്നതിന് . ഞാൻ കൊടുക്കുന്ന ചെറിയ പോക്കറ്റ് മണിയിൽ നിന്ന്, പോക്കറ്റ് മണി കിട്ടാത്ത കൂട്ടുകാർക്ക് ഒരോഹരി കൊടുക്കുന്നതിന് , ഒരു ദിവസത്തെ വീട്ടു ചിലവിന് എത്ര രൂപ വേണമെന്ന് കൃത്യമായിട്ട് അറിവുള്ളതിന് , നന്നായിട്ട് പന്തു കളിക്കുന്നതിന് , ഈ ഭൂമിയിൽ എൻ്റെ മകനായി പിറന്നതിന് ഞാനവനോട് നന്ദി പറയുന്നു.
ഏറ്റവും സ്നേഹത്തോടെ ഞാനവൻ്റെ നെറുകയിൽ ഉമ്മ വെയ്ക്കുന്നു. ജീവിതത്തിലെ യഥാർത്ഥ പരീക്ഷകൾ വരാനിരിക്കുന്നതേയുള്ളൂ ഹാഷിമേ എന്ന് ഞാനവനോടു ഉറക്കെ പറയുന്നു.
ഒപ്പം ഫുൾ എ പ്ലസ് നേടിയ അവൻ്റെ കൂട്ടുകാരെയും ,മറ്റു കുട്ടികളെയും അഭിനന്ദിക്കുന്നു. ഒത്തിരി സ്നേഹത്തോടെ, അതിലേറെ അഭിമാനത്തോടെ മുഹമ്മദ് ഹാഷിമിൻ്റെ ഉപ്പ , *അബ്ബാസ്.* …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]