
കൽപറ്റ: വയനാട്ടിലെ സുഗന്ധഗിരി മരംമുറിയിൽ അന്വേഷണ സംഘം മാനസികമായി പീഡിപ്പിച്ചെന്ന് വനിതാ റെയിഞ്ച് ഓഫീസര്‍. സസ്പെൻഷനിലായ റേഞ്ചർ കെ. നീതു വനം മേധാവിക്ക് നൽകിയ കത്തിലാണ് ആരോപണം. സുഗന്ധഗിരി കേസില്‍ സൗത്ത് ഡിഎഫ്ഒയെ സ്ഥലം മാറ്റിയ നടപടിയും വിവാദത്തിലാണ്. സുഗന്ധഗിരി മരംമുറിയിലെ വീഴ്ചകൾ അന്വേഷിക്കാൻ വനംവകുപ്പ് വിജിലൻസ് സംഘത്തെ നിയോഗിച്ചിരുന്നു. ഇവർക്കെതിരെയാണ് കൽപ്പറ്റ ഫോറസ്റ്റ് റേഞ്ചർ ആയിരുന്ന കെ.നീതുവിൻ്റെ ഗുരുതര ആരോപണങ്ങൾ.
മാനസികമായും ശാരീരികമായും സമ്മര്‍ദ്ദത്തിലാക്കി തെറ്റായ മൊഴി രേഖപ്പെടുത്തിയെന്നാണ് വനംമേധാവിക്ക് പരാതി നൽകിയത്. കേസില്‍ മേല്‍നോട്ട വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നീതുവിനെ സസ്പെൻഡ് ചെയ്തത്. എന്നാല്‍ അനധികൃത മരം മുറി തിരിച്ചറിഞ്ഞതും തൊണ്ടിമുതല്‍ കണ്ടെടുത്തതും എല്ലാ പ്രതികളേയും അറസ്റ്റ് ചെയ്തതും സ്വന്തം സംഘമെന്നാണ് നീതുവിൻ്റെ വിശദീകരണം.
ഇതേ കേസിൽ സൌത്ത് വയനാട് ഡിഎഫ്ഒ എ.ഷജ്നയെ കാസർകോട് സോഷ്യൽ ഫോറസ്ട്രിയിലേക്ക് സ്ഥലം മാറ്റിയതിലും ഉദ്യോഗസ്ഥർക്കിടയിൽ എതിരഭിപ്രായമുണ്ട്. മരംമുറിയുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടും. സംഭവ സ്ഥലം പരിശോധിച്ചില്ല, ഇത് മൂലം കൂടുതൽ മരം നഷ്ടപ്പെട്ടു, എന്നിവയായിരുന്നു DFO ക്ക് എതിരായ കുറ്റാരോപണം.
എന്നാല്‍ കേസ് റജിസ്റ്റര്‍ ചെയ്ത ശേഷം മരം നഷ്ടപ്പെട്ടില്ലെന്ന് അന്വേഷണ സംഘം തന്നെ വനംവകുപ്പിന് സ്പഷ്ടീകരണം നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് പൂഴ്ത്തി വച്ചാണ് DFOക്കെതിരായ നടപടി. നേരത്തെ ഡി.എഫ്.ഒ യെ സസ്പെന്‍ഡ് ചെയ്ത നടപടി മണിക്കൂറുകള്‍ക്കകം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. വിശദീകരണം ചോദിക്കാതെ ഏകപക്ഷീയമായി നടപടി എടുത്തെന്ന ആരോപണത്തിന് പിന്നാലെയായിരുന്നു വനംവകുപ്പിൻ്റെ തിരുത്ത്.
Last Updated May 9, 2024, 12:55 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]