
തൃശൂര്‍: കേരളത്തിലെ വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് മൈ ക്ലബ് ട്രേഡ്സ് എന്ന ഓണ്‍ലൈന്‍ ആപ്പ് വഴി 25 കോടി രൂപ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതിയും സൂത്രധാരനുമായ മലപ്പുറം കാളികാവ് അമ്പലക്കടവ് സ്വദേശി പാലയ്ക്കത്തൊടി വീട്ടില്‍ മുഹമ്മദ് ഫൈസലിനെ (43) തൃശൂര്‍ സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് അസി. പൊലീസ് കമ്മിഷണര്‍ ആര്. മനോജ് കുമാറിന്റെ നിര്‍ദേശ പ്രകാരം സബ് ഇന്‍സ്പെക്ടര്‍ യാസിന് എ.എം അറസ്റ്റ് ചെയ്തു. ഈ കേസിലെ പ്രതികള്‍ എം.സി.ടി. ആപ്ലിക്കേഷന്‍ വഴി ലഭിച്ച ഡോളര്‍ എമര് കോയിനിലേക്ക് മാറ്റുന്നതിനായി ഒത്തുകൂടിയ എറണാകുളത്തുള്ള ഫ്ലാറ്റില്‍ എത്തുകയായിരുന്നു. ഈ സമയം ഫ്ലാറ്റില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി മുഹമ്മദ് ഫൈസല്‍ ഗുണ്ടകളെ കൊണ്ട് പൊലീസിനെ ഫോണില്‍ വിളിച്ച് അവിടെ നിന്നും പോയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് സാഹസികമായി പ്രതിയെ പിടികൂടിയത്.
ഇയാള്‍ക്കെതിരേ തൃശൂര്‍ ജില്ലയില്‍ മാത്രം 28 കേസുകളാണ് നിലവിലുള്ളത്. പുറമെ, കേരളത്തിലുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിലും കേസുകളുണ്ട്. ജയിലിലുണ്ടായിരുന്ന പ്രതി മലാക്ക രാജേഷുമായി ഒന്നിച്ചാണ് ആദ്യമായി മലപ്പുറം ജില്ലയില്‍ ഈ തട്ടിപ്പ് തുടങ്ങിയത്. പിന്നീട് കേരളത്തിലെ വിവിധ ഹോട്ടലുകള്‍, ടൂറിസ്റ്റ് ഹോമുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രൊമോഷന് ക്ലാസുകള്‍ നടത്തിയും ഗൂഗിള്‍ മീറ്റ് നടത്തിയും ആളുകളെ ആകര്‍ഷിച്ചായിരുന്നു നിക്ഷേപം സ്വീകരിച്ചിരുന്നത്. ഇതേ തട്ടിപ്പ് നടത്തിയ കേസിൽ മലാക്ക രാജേഷ്, അഡ്വക്കേറ്റ് പ്രവീണ്‍ മോഹന്‍, ഷിജോ പോള്‍, സ്മിത, ജോബി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
എം.സി.ടി. എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ആളുകളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തുകൊടുത്ത് 256 ദിവസംകൊണ്ട് നിക്ഷേപിച്ച പണം ഇരട്ടിയായി തിരികെ നല്‍കാമെന്ന് പറഞ്ഞ് ആളുകളില്‍നിന്ന് പണം നേരിട്ട് കാഷായി സ്വീകരിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. എം.സി.ടിയില്‍ പണം നിക്ഷേപിക്കുമ്പോള്‍ ആളുകളുടെ മൊബൈല്‍ ഫോണില്‍ പണത്തിന് തുല്യമായി ഡോളര്‍ കാണുന്ന രീതിയിലായിരുന്നു തട്ടിപ്പ്. 2021ല്‍ എം.സി.ടിയുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് ജില്ലയില്‍ കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ എം.സി.ടി. എന്ന പേര് മാറ്റി എഫ്.ടി.എല്‍. എന്നും ഗ്രൗണ് ബക്സ് എന്നും പേരു മാറ്റിയാണ് തട്ടിപ്പ് തുടര്‍ന്നിരുന്നത്.
കേസ് പിന്‍വലിക്കാന്‍ വേണ്ടി പണം നിക്ഷേപിച്ചവരുടെ മൊബൈല്‍ ഫോണിലെ ആപ്ലിക്കേഷനില്‍ കാണുന്ന ഡോളറിന് പകരമായി പണം നിക്ഷേപിച്ചവര്‍ക്ക് എമര് കോയിന് നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതികള്‍ ഇപ്പോഴും തട്ടിപ്പ് തുടരുന്നത്. എമര് കോയിന് വഴി നഷ്ടപ്പെട്ട പണം തിരികെ കിട്ടുമെന്ന് കരുതിയാണ് പലരും വീണ്ടും ഇവരുടെ കെണിയില്‍ വീഴുന്നത്. തന്റെ മൊബൈല്‍ ആപ്ലിക്കേഷനില്‍ കാണുന്ന ഡോളര്‍ എമര് കോയിനായി മാറ്റി കിട്ടാന്‍ വീണ്ടും പണം നിക്ഷേപിക്കുവാന്‍ നിര്‍ബന്ധിച്ചാണ് പുതിയ തട്ടിപ്പ്. മുഹമ്മദ് ഫൈസല്‍ വഴിയാണ് ഡോളര്‍ എമര് കോയിനിലേക്ക് മാറ്റുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് ക്രൈംബ്രാഞ്ച് എ.എസ്.ഐമാരായ വിനോദ് കെ.എം, ജെസി ചെറിയാന്, ശശികുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സാമു എന്നിവരും ഉണ്ടായിരുന്നു.
Last Updated May 3, 2024, 10:08 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]