
തിരുവനന്തപുരം : തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കത്തില്‍, ഡ്രൈവർ യദു ലൈഗികാധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടർ സുബിന്റെ മൊഴി. പിൻസീറ്റിലായതിനാൽ ഒന്നും കണ്ടിട്ടില്ല. മേയർ സഞ്ചരിച്ച വാഹനത്തെ ഓവർ ടേക്കിംഗ് ചെയ്തിട്ടുണ്ടോയെന്നതിലും തനിക്ക് വ്യക്തതയില്ലെന്നാണ് മൊഴി. കൺന്റോൺമെന്റ് പൊലീസിനാണ് മൊഴി നൽകിയത്.
കെഎസ്ആർടിസി ബസിലെ സിസിടിവി ദ്യശ്യങ്ങൾ കാണാതായ സംഭവത്തിൽ പൊലീസിന് ഇതുവരെ ഒരു തുമ്പും കിട്ടിയില്ല. തമ്പാനൂരിൽ ബസ് പാർക്ക് ചെയ്ത സ്ഥലത്ത് സിസിടിവി ഇല്ലെന്നാണ് പൊലീസ് പറയുന്നത്. സ്റ്റാന്റിന്റെ അകത്തുള്ള രാത്രികാല ദൃശ്യങ്ങൾ വ്യക്തമല്ല. സംഭവം നടന്ന ദിവസം മുതലുളള ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരം പാളയത്ത് വെച്ചായിരുന്നു മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്കേറ്റമുണ്ടായത്. മേയറും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും കുടുംബവും സഞ്ചരിച്ച കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയായിരുന്നു തർക്കം. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയിൽ ഓടിച്ചെന്നും പിന്നാലെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നുമാണ് മേയറുടെ പരാതി. ആര്യ രാജേന്ദ്രന്റെ പരാതിയില്‍ കെഎസ്ആർടിസി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം, കാർ ബസിന് കുറുകെയിട്ട് ട്രിപ്പ് മുടക്കിയെന്ന് മേയർക്കെതിരെയുള്ള പരാതിയില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ഡ്രൈവറുടെ പരാതിയിൽ കഴമ്പില്ലെന്ന നിലപാടിലാണ് പൊലീസ്. അതിനിടെ, കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന് ആവര്‍ത്തിക്കുകയാണ് മേയര്‍ ആര്യ രാജേന്ദ്രന്. സിഗ്നലില്‍ ബസ് നിര്‍ത്തിയപ്പോഴാണ് ഡ്രൈവറോട് ചോദിക്കാന്‍ ഇറങ്ങിയത്. സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഡ്രൈവര്‍ ക്ഷുഭിതനായി. ഡ്രൈവര്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്നും ആര്യ രാജേന്ദ്രന് ആരോപിച്ചു.
Last Updated May 3, 2024, 5:23 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]